IndiaKeralaLatest

മോചനത്തിനുള്ള മാര്‍ഗമാണ് ഗുരുമാര്‍ഗ്ഗം : സ്വാമി മനുചിത്ത് ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : ശാന്തിഗിരിയിലെ മാര്‍ഗ്ഗം മോചനത്തിന്റേതാണ്. നമ്മുടെ ജീവന്റെ മോചനത്തിന്റെ യാത്രയുടെ തുടക്കമാണത്. നമ്മള്‍ ആദ്യം മനസ്സിലാക്കേണ്ടത് ഗുരു ആരാണെന്നാണ് . ലോകത്ത് ജീവനുള്ളതും ഇല്ലാത്തതുമായി എന്തൊക്കെയുണ്ടോ അതിനൊക്കെ മോചനപ്പെടാനുള്ള മാര്‍ഗമാണ് ശാന്തിഗിരിയിലെ ഗുരുമാര്‍ഗ്ഗംമെന്നും സ്വാമി മനുചിത്ത് ജ്ഞാനതപസ്വി. ആശ്രമം സ്പിരിച്വല്‍ സോണില്‍ തിങ്കളാഴ്ച (3-10-2022 ‍) ഉച്ചയ്ക്ക് നടന്ന ഗുരുവോടൊപ്പമുള്ള തന്റെ ആശ്രമാനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു സ്വാമി.

ബ്രാഞ്ചാശ്രമത്തില്‍ പോയപ്പോള്‍ തനിക്കുണ്ടായ ഒരനുഭവം സ്വാമി പങ്കുവെച്ചു. ബ്രാഞ്ചാശ്രമ ജീവിതത്തില്‍ ആദ്യം പോയത് കണ്ണൂരാണ്. തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു ജീവിതമായിരുന്നു ബ്രാഞ്ചാശ്രമജീവിതം. ഓരോ ദിവസവും ഓരോ അനുഭവമാണ്. കണ്ണൂര്‍ ആശ്രമത്തില്‍ രാവിലത്തെ ആരാധനയ്ക്കു ശേഷം പുതിയ ആള്‍ക്കാരുടെ ഒരു ത്വരയാണ്. ഒരു ദിവസം ഒരു കുടുംബം വന്നു. ഒരു അച്ഛനും അമ്മയും മകനും, മകന്‍ ഒരു ഓട്ടോ ഡ്രൈവറാണ്. അച്ഛന്‍ കൂലിപ്പണിക്കാരനാണ്. ഇവരുടെ വരുമാനംകൊണ്ട് അമ്മയുടെ അസുഖത്തിന് മരുന്നു വാങ്ങാന്‍ കഴിയുന്നില്ല. ഒരു പ്രതിവിധി തേടി പലയിടത്തും പോയ്ക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആശ്രമത്തിലും എത്തുന്നത്. അമ്മ കരഞ്ഞുകൊണ്ടിരിക്കുകയാണ്. വീട്ടില്‍ രാവിലെയും വൈകിട്ടും വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ അവരോട് പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ഈ അമ്മയുടെ മകന്‍ എന്നെ വിളിച്ചു പറഞ്ഞു. സ്വാമി ഞങ്ങള്‍ ആശ്രമത്തിലേക്ക് വരുകയാണ്. അങ്ങനെ അവര്‍ ആശ്രമത്തില്‍ എത്തി. ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. പക്ഷേ അവര്‍ക്ക് അതിനു സാധിക്കുന്നില്ല. ഞാന്‍ ഒരു പൊതി ഭസ്മം കൊടുത്തപ്പോള്‍ ഈ അമ്മ ബോധം കെട്ടു വീണു. കുറച്ചു നേരം അവര്‍ എന്നെ തന്നെ നോക്കിയിരുന്നു. ഒരു ഭീകര രൂപമായിരുന്നു അവര്‍ക്ക് അപ്പോള്‍. ഞാനും നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തീര്‍ത്ഥം എടുത്തുകൊണ്ടു വരാന്‍ ഞാന്‍ പറഞ്ഞു, എല്ലാവരും പേടിച്ചു. ഞാന്‍ അവരോട് ചോദിച്ചു നിങ്ങള്‍ ആരാണെന്ന് ? പറയില്ലാ, എന്നു അവര്‍ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു അപ്പോള്‍ പറഞ്ഞു ‘കരിങ്കുട്ടിച്ചാത്തന്‍’ . ഈ അമ്മയുടെ കുഞ്ഞുന്നാളില്‍ ഒരു അസുഖം വന്നു ഇത് മാറുന്നതിന് ഈ അമ്മയുടെ അച്ഛന്‍ കുടുംബക്ഷേത്രത്തില്‍ ചെന്നിട്ട് ഈ കുട്ടിയെ രക്ഷിച്ചാല്‍ ഈ കുട്ടിയെ നിങ്ങള്‍ക്ക് തരാമെന്നു പറഞ്ഞു. അങ്ങനെ ഈ കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. അതുകൊണ്ടു ഈ കുട്ടിയുടെ ജീവന്‍ എനിക്ക് വേണം, എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു നിങ്ങള്‍ എന്നെ ഉപദ്രവിച്ചത് എന്തിനാണ്? അത് ഗുരു അറിഞ്ഞാല്‍ എന്ത് സംഭവിക്കുമെന്ന് അറിയുമോ?.. ഇവര്‍ എന്നെ തുറിച്ചു നോക്കിയിട്ട് , എന്റെ കണ്ണൊക്കെ ഒരുമാതിരിയായി. പിന്നീട് ഇവര്‍ അവിടെ കിടന്ന് മാപ്പ് എന്ന് പറഞ്ഞ് ഉരുളാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു പ്രാര്‍ത്ഥനാലയത്തില്‍ പോയി നമസ്ക്കരിക്കാന്. ‍ അപ്പോഴവര്‍‍ പറഞ്ഞു ഓംങ്കാരത്തിനു മുന്നില്‍ ഞാന്‍ പോകില്ലാ. ഓംങ്കാരം ഗുരുവാണെന്ന് പറഞ്ഞു. നമ്മുടെ തീര്‍ത്ഥം, ഭസ്മം, ഓംങ്കാരം എന്നിവയുടെ മഹിമയെക്കുറിച്ച് നാം അറിയണം. ആശ്രമത്തിലെത്തി ഒന്നു രണ്ടു തവണ ശിഷ്യപൂജിതയെ കണ്ടപ്പോള്‍ അവരുടെ അസുഖമെല്ലാം മാറി .ഇപ്പോള്‍ അവര്‍ വിശ്വാസികളാണ്. ഇങ്ങനെ നിരവധി അനുഭവങ്ങളാണ് ബ്രാഞ്ചാശ്രമ ജീവിതത്തില്‍ നിന്നും കിട്ടുന്നത്.

ആദ്യകാല അനുഭവവുമായി ബന്ധപ്പെട്ട് സ്വാമി പറഞ്ഞു. 1999 കാലഘട്ടിത്തില്‍ പഠിക്കാൻ പോകുന്നതിനാല്‍ സ്ഥിരമായി എനിക്ക് ആശ്രമത്തില്‍ നില്‍ക്കാൻ കഴിഞ്ഞിട്ടില്ല. ഗുരു ശരീരം വിട്ടപ്പോഴാണ് അന്ന് സ്ഥിരമായി നില്‍ക്കാന്‍ കഴിയാത്തതിന്റെ വില എനിക്ക് മനസ്സിലായത് . അതിനുശേഷം ഏത് ജോലിയാണെങ്കിലും ഫംഗ്ഷനു മുമ്പ് ഒരു മാസം ലീവെടുത്ത് ആശ്രമത്തില്‍ വന്നു കര്‍മ്മം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. 99 മെയ് മാസത്തിനുശേഷം ആശ്രമത്തിന്റെ എല്ലാ ഫംഗ്ഷനും ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഓഫീസില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും മറ്റ് കര്‍മ്മങ്ങളുമായി ഞാന്‍ എത്തും. ഏതാണ്ട് 8 വര്‍ഷക്കാലം ഇതേ ഓഫീസിലായിരുന്നു. ആ സമയത്ത് പല കാര്യങ്ങളും ശിഷ്യപൂജിത എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ആശ്രമത്തിന്റെ മെയിന്‍ ഓഫീസില്‍ ആര്‍ക്കും കയറാന്‍ അന്ന് അനുവാദമുണ്ടായിരുന്നില്ല. അന്ന് ശിഷ്യപൂജിത എന്നോട് പറഞ്ഞു, അവിടത്തെ എല്ലാ അലമാരയുടേയും താക്കോല്‍ വാങ്ങിക്കാന്‍. ‍ ഒരു സെറ്റ് നിന്റെ കൈയ്യില്‍ സൂക്ഷിക്കാന്‍ പറഞ്ഞു. പിന്നീട് ഞാന്‍ ആശ്രമത്തില്‍ സ്ഥിരമായി താമസിക്കാന്‍ തുടങ്ങി. ആശ്രമത്തിന്റെ ഫംഗ്ഷന് ബാനര്‍കെട്ടാനായി ഞാനും ചന്ദ്രദീപ്തന്‍ സ്വാമിയുമായി ഒരു ഇരുമ്പ് ഏണി യുമായി ബാനര്‍കെട്ടാന്‍ പോയി. ഏണി കുത്തിച്ചാരി വച്ചത് ഇലക്ട്രിക് ലൈനില്‍ തട്ടി ഒരു തീഗോളമുണ്ടായി. ഈ സമയത്ത് ഷോക്ക് ഏറ്റിട്ടും ഒന്നും സംഭവിക്കാതെ ഗുരു ഞങ്ങളെ രക്ഷിച്ചു. പിന്നീട് ശാന്തിഗിരി ഭഗിനിനികേതന്റെ പ്രൊഡക്ഷനായി സാധനം വാങ്ങാന്‍ മുക്തചിത്തന്‍ സ്വാമിയും വേരെ കുറച്ചു പേരും ചേര്‍ന്ന് ഞങ്ങള്‍ 5 പേര്‍ ചേര്‍ന്ന് ഇന്ത്യയിലുടനീളം യാത്രചെയ്തു. ജയപ്പൂരില്‍ നിന്നും ആഗ്രയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന സമയം അവിടെ സമരം നടക്കുന്ന സമയമായിരുന്നു. അവിടെ മുന്നെ പോയ വണ്ടിയെല്ലാം സമരക്കാര്‍ കത്തിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്താണ് ഞങ്ങള്‍ അവിടെ ചെന്നത് നമ്മുടെ വണ്ടിയുടെ അടുത്തേയ്ക്ക് നൂറോളം പേര്‍ വരുകയുണ്ടായി. ഞാന്‍ പെട്ടെന്ന് ബസ്സില്‍ നിന്നും ചാടിയിറങ്ങി. കുറച്ചു പേര്‍ നമ്മളെ കണ്ട് ഗ്രൂപ്പ് തിരിഞ്ഞ് രണ്ടായി മാറി ഒരു ഗ്രൂപ്പ് ‍ഞങ്ങള്‍ക്ക് പോകാനുള്ള വഴിയൊരുക്കിതന്നു. ഈ സമയത്ത് ഞങ്ങളെ ആശ്രമത്തില്‍ നിന്നും തിരിച്ചു വിളിച്ചു. പിന്നീട് ഈ വാഹനത്തിന് അപകടം സംഭവിച്ചു. ഗുരുവിന്റെ ഒരു സങ്കല്‍പ്പം കൊണ്ട് പല തരത്തിലുള്ള ദോഷങ്ങളും പ്രതിസന്ധികളും‍ മാറിപ്പോകുന്ന അനുഭവങ്ങള്‍ ജീവിതത്തില്‍ ഇപ്രകാരം പലപ്പോഴും ഉണ്ടായിട്ടുണ്ട്.

നമ്മള്‍ ഗുരു ആരാണെന്നാണ് ആദ്യം മനസ്സിലാക്കേണ്ടത്. ലോകത്ത് ജീവനുള്ളതും ഇല്ലാത്തതുമായി എന്തൊക്കെയുണ്ടോ അതിനൊക്കെ മോചനപ്പെടാനുള്ള മാര്‍ഗമാണ് നമ്മുടെ ഗുരുമാര്‍ഗ്ഗം. ഇപ്പോഴത്തെ കുട്ടികള്‍ ഗുരുവിന്റെ അനുവാദമുണ്ടെന്നറിഞ്ഞ് ആശ്രമത്തിലേക്ക് വരുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്. അഭിമാനകരമായ നിമിഷമാണ് ഇത്. ഗുരു പറഞ്ഞിട്ടുണ്ട് നമ്മുടെ പരമ്പരയില്‍ ഒരേ സമയം ആയിരക്കണക്കിന് ആള്‍ക്കാര്‍ സന്ന്യാസത്തിലേക്ക് കടന്നുവരുന്ന ഒരു രീതിയുണ്ടാകും. ഒരു 350 വര്‍ഷം ഗുരു കാലഘട്ടം പറഞ്ഞെങ്കിലും ഒരു നൂറു വര്‍ഷത്തിനകം ഇങ്ങനെയൊരു രീതി കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരമ്പരയ്ക്ക് എന്താണോ ഗുരു ഇച്ഛിക്കുന്നത് ആ ഇച്ഛയ്ക്കനുസരിച്ച് നമുക്ക് ഓരോരുത്തര്‍ക്കും നമ്മുടെ കഴിവിന്റെ പ്രാപ്തിയ്ക്കനുസരിച്ച് ചെയ്യാന്‍ കഴിയുമാറാകട്ടെ എന്ന് നാം ഓരോരുത്തരും പ്രാര്‍ത്ഥിക്കണം എന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button