KeralaLatest

അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിവരം

“Manju”

തൃശൂര്‍: വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിവരം. അപകടത്തില്‍ നിന്ന് രക്ഷപെട്ട വിദ്യാര്‍ത്ഥികളും ദൃക്‌സാക്ഷികളും ഈ വിവരമാണ് പങ്കുവയ്‌ക്കുന്നത്. അപകടത്തില്‍ പെട്ട ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് എത്തിയത് എന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സ്‌കൂളില്‍ നിന്ന് യാത്ര പുറപ്പെടാനാണ് തീരുമാനിച്ചത്. എന്നാല്‍ പറഞ്ഞ സമയത്തിലും രണ്ട് മണിക്കൂര്‍ വൈകി ഏഴ് മണിയോടെ മാത്രമാണ് ടൂറിസ്റ്റ് ബസ് സ്‌കൂളിലെത്തിയത്.
എണ്‍പത് കിലോമീറ്ററിലധികം വേഗതയിലായിരുന്നു ബസ് ഓടിയിരുന്നതെന്ന് ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളും പറയുന്നു. അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്‌ആര്‍ടിസി ബസിന്റെ പുറകിലിടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഇടിച്ച ശേഷം നിരങ്ങി നീങ്ങിയാണ് സമീപത്തുള്ള ചതുപ്പിലേക്ക് മറിഞ്ഞത്. കെഎസ്‌ആര്‍ടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും അമിത വേഗതയില്‍ മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്ന അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനും കെഎസ്‌ആര്‍ടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. കെഎസ്‌ആര്‍ടിസി ബസിന്റെ പുറകിലെ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത് എന്നാണ് വിവരം. അപകടസ്ഥലത്ത് വച്ച്‌ തന്നെ ചില കുട്ടികള്‍ മരിച്ചിരുന്നു. കെഎസ്‌ആര്‍ടിസിയിലെ യാത്രക്കാര്‍ പലരും റോഡില്‍ തെറിച്ചു വീണ നിലയിലായിരുന്നു എന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറയുന്നു.

Related Articles

Back to top button