KeralaLatest

കൂട്ടുകാരന്റെ കൈ പിടിച്ച്‌ അഭിനവ് ഓടിക്കയറിയത് ഹൃദയങ്ങളിലേക്ക്

“Manju”

കോട്ടയം: 200 മീറ്റര്‍ ഓട്ടത്തില്‍ ഫിനിഷിങ് പോയിന്റിലേക്ക് മൂന്നാമതായി ഓടിയെത്താന്‍ ഏതാനും മീറ്ററുകള്‍ മാത്രം.
ആ സമയത്താണ് രണ്ടാമതായി ഓടിക്കൊണ്ടിരുന്ന പ്രിയപ്പെട്ട കൂട്ടുകാരന്‍ കാല്‍തട്ടി താഴെ വീഴുന്നത് അഭിനവ് കണ്ടത്. അല്‍പ്പംകൂടി ഓടിയാല്‍ രണ്ടാം സ്ഥാനം നേടി സമ്മാനം സ്വന്തമാക്കാമായിരുന്നു അഭിനവിന്. പക്ഷേ മത്സരം മറന്നു അവന്റെ കൈകള്‍ കൂട്ടുകാരന്റെ നേര്‍ക്കു നീണ്ടു. വീണു കിടന്ന കൂട്ടുകാരന്‍ കെ ആര്‍ അഭിദേവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പുറത്തെ പൊടിയെല്ലാം തട്ടികളഞ്ഞ് ആശ്വസിപ്പിച്ചു. അപ്പോഴേക്കും പിന്നിലുള്ളവര്‍ ഓടി കയറി രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയിരുന്നു.
പക്ഷേ അഭിനവ് ടി സുജിത് എന്ന നാലാം ക്ലാസുകാരന്‍ മത്സരം കണ്ടുനിന്നവരുടെ ഹൃദയത്തിലേക്കാണ് ഓടിക്കയറിയത്. മത്സരം മറന്ന് കൂട്ടുകാരനുവേണ്ടി തോല്‍വിയേറ്റുവാങ്ങിയ അഭിനവിന്റെ നന്മയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് കോത്തല എന്‍എസ്‌എസ് സ്കൂളിലെ അധ്യാപകരും അവിടെയുണ്ടായിരുന്നവരും.
സ്കൂളിലെ കായിക ദിനത്തില്‍ കിഡീസ് വിഭാഗത്തില്‍ 200 മീറ്റര്‍ ഓട്ട മത്സരത്തിലാണ് 4 എ ക്ലാസിലെ വിദ്യാര്‍ത്ഥികളായ അഭിനവും അഭിദേവും പങ്കെടുത്തത്. ഇരുവരും ഉറ്റ ചങ്ങാതിമാരാണ്. കൂട്ടുകാരുടെ കയ്യടികള്‍ക്കിടയില്‍ ഇവര്‍ ട്രാക്കിലൂടെ കുതിക്കുമ്ബോഴാണ് മുന്നില്‍ ഓടിയ അഭിദേവ് വീഴുകയും അഭിനവ് കൈ പിടിച്ചു ഉയര്‍ത്തുകയും ചെയ്തത്. അഭിനവിനെ സ്കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.

Related Articles

Back to top button