KeralaLatest

ഷീ ലോഡ്‌ജ്‌ ഇന്ന്‌ തുറക്കും

“Manju”

കൊച്ചി‍ : ജോലി, മത്സരപരീക്ഷ, അഭിമുഖം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി കൊച്ചി നഗരത്തില്‍ എത്തുന്ന വിദ്യാര്‍ഥിനികള്‍ക്കും സ്ത്രീകള്‍ക്കും ആശ്വാസമായി ഷീ ലോഡ്ജ് പ്രവര്‍ത്തനം ആരംഭിക്കുന്നു.
കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്തിലെ പഴയ ലിബ്ര ഹോട്ടലിന്റെ ഒരുഭാ​ഗം നവീകരിച്ചാണ് ഷീ ലോഡ്ജാക്കിയത്. ചൊവ്വ പകല്‍ മൂന്നിന്‌ മന്ത്രി എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും.
മേയര്‍ എം അനില്‍കുമാര്‍ അധ്യക്ഷനാകും. 4.80 കോടി രൂപ ചെലവിലാണ്‌ നവീകരണം.
സ്ത്രീകള്‍ക്കൊപ്പമെത്തുന്ന 14 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും താമസിക്കാം. ഭക്ഷണവും മറ്റ് സൗകര്യങ്ങളും കുടുംബശ്രീ ഒരുക്കും. മൂന്നുനിലകളിലായി 86 മുറികളുണ്ട്‌. ഇതില്‍ 50 ശതമാനം ഹോസ്റ്റലിനായി മാറ്റിവയ്ക്കും. ബാക്കി ദിവസ ആവശ്യക്കാര്‍ക്ക്‌ കുറഞ്ഞനിരക്കില്‍ നല്‍കും. ഡോര്‍മെറ്ററി സംവിധാനവുമുണ്ടാകും. ഹോസ്റ്റലില്‍ മാസാടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുക. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിരക്കില്‍ ഇളവും പരിഗണനയിലുണ്ട്. മുറികളില്‍ സിം​ഗിള്‍ ബെഡും ഡബിള്‍ ബെഡും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മുറിയിലും മേശ, കസേര, അലമാര എന്നീ സൗകര്യങ്ങളുണ്ട്. അറ്റാച്‌ഡ്‌ ബാത്ത് റൂം ആണ് ഒരുക്കിയിരിക്കുന്നത്. വിശാലമായ ഡൈനിങ് ഏരിയയുമുണ്ട്‌. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്‌. എന്നാല്‍, കൊച്ചി കോര്‍പറേഷനില്‍ അധികാരത്തിലിരുന്ന മുന്‍ യുഡിഎഫ് കൗണ്‍സില്‍ ഇത് നടപ്പാക്കിയില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെയാണ്‌ ഷീ ലോഡ്ജ് യാഥാര്‍ഥ്യമാക്കിയത്.

Related Articles

Back to top button