IndiaLatest

എകെ 203 റൈഫിളുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും

“Manju”

മോസ്‌കോ : പ്രതിരോധ രംഗത്ത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാനൊരുങ്ങി ഇന്ത്യ. റഷ്യയുടെ പുതിയ പ്രതിരോധ സാങ്കേതിക ആയുധമായ കലാഷ്‌നികോവ് എകെ-203 റൈഫിളുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും. ഉത്തര്‍പ്രദേശിലെ കോര്‍വയില്‍ റഷ്യയുടെ ഐതിഹാസിക ആയുധം നിര്‍മ്മിക്കപ്പെടുമെന്ന് അന്താരാഷ്‌ട്ര ആയുധ വ്യാപാരത്തിനുള്ള റഷ്യയിലെ ഏജന്‍സിയായ റോസോബോറനെക്‌സ്‌പോര്‍ട്ട് മേധാവി അലക്‌സാണ്ടര്‍ മിഖീവ് അറിയിച്ചു.

100 ശതമാനം പ്രാദേശികമായി ഇന്ത്യയില്‍ തന്നെ ആയുധം നിര്‍മ്മിക്കാനാണ് തീരുമാനമെന്ന് റഷ്യന്‍ ഏജന്‍സി അറിയിച്ചു. ഭാവിയില്‍, ഇതിനെ അടിസ്ഥാനമാക്കി, കൂടുതല്‍ നൂതന മോഡലുകള്‍ നിര്‍മ്മിക്കുന്നതിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും മിഖീവ് പറഞ്ഞു.

ഡിഫെക്‌സ്‌പോ ഇന്ത്യ-2022 ന് മുന്നോടിയായാണ് രാജ്യത്തിന് ഈ അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കലാഷ്നികോവ് റൈഫിളുകള്‍ നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ച സംരംഭമാണ് ഇന്തോറഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയില്‍ പൂര്‍ത്തീകരിച്ചതും നടക്കുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായ ഉല്‍പ്പാദന പദ്ധതികളുടെ ലോകത്തിലെ ഏറ്റവും വലിയ പോര്‍ട്ട്ഫോളിയോയുണ്ട് റോസോബോറനെക്സ്പോര്‍ട്ടിന്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. ഈ വര്‍ഷം അവസാനത്തോടെ എകെ 203 റൈഫിളുകളുടെ നിര്‍മ്മാണം കോര്‍വയില്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധ സേനയുമായി ഇത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം.

Related Articles

Back to top button