BusinessIndiaLatest

സംരംഭകര്‍ രാഹുല്‍ ദ്രാവിഡ് സ്റ്റൈല്‍ ചിന്തിക്കണം -സുനില്‍ ഷെട്ടി

“Manju”

മുംബൈ: മലയാളി ടെക് സംരംഭകനായ ബൈജു രവീന്ദ്രന്റെ ‘ബൈജൂസ്’ ആപ്പില്‍നിന്ന് പിരിച്ചുവിടുന്ന 2,500 തൊഴിലാളികള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് ബോളിവുഡ് നടനും വ്യവസായിയുമായ സുനില്‍ ഷെട്ടി. കമ്പനി എടുത്ത തീരുമാനം അത്ര എളുപ്പമുള്ളല്ലെന്ന് അദ്ദേഹം ലിങ്ക്ഡ് ഇന്നില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. സംരംഭകര്‍ രാഹുല്‍ദ്രാവിഡിനെ പോലെ ക്ഷമയോടെ സ്ഥിരത അവലംബിക്കുന്ന രീതിയെ കുറിച്ച്‌ ആലോചിക്കണമെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു.
“ഒരു കമ്പനി അതിന്റെ 2500 ജീവനക്കാരെ പിരിച്ചുവിടുന്നു​വെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ആ തീരുമാനം അതിന്റെ നാലിരട്ടി, അതായത് 10,000 ജീവിതങ്ങളെ ബാധിച്ചിട്ടുണ്ടാകും. ഇത് എളുപ്പമുള്ള തീരുമാനമല്ല എന്ന് ഞാന്‍ കരുതുന്നു. അവര്‍ ആഘാതത്തില്‍നിന്ന് മുക്തമായി എത്രയും വേഗം സ്വന്തം കാലില്‍ തിരിച്ചെത്താന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു” -ബൈജൂസിന്റെ പേര് പറയാതെ സുനില്‍ ഷെട്ടി എഴുതി.
ഇന്ത്യയില്‍ ഇപ്പോഴും ബിസിനസ് സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ‘നേരത്തെ ഉണ്ടായിരുന്നത്ര വേഗത ഇല്ലെങ്കിലും രാജ്യത്തെ ജനസംഖ്യയും അവരുടെ അഭിലാഷങ്ങളും നല്ല ബിസിനസുകള്‍ക്ക് വളര്‍ച്ചക്കുള്ള വലിയ അവസരമാണ് നല്‍കുന്നത്. ഏറെക്കാലം മുന്‍കൂട്ടി കണ്ട് ചിന്തിക്കുക, സ്പ്രിന്റും മാരത്തണും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച്‌ ആലാചിക്കുക, രാഹുല്‍ ദ്രാവിഡിനെ പോലെ ചിന്തിക്കുക. മന്ദഗതിയിലാണെങ്കിലും സ്ഥിരതയുള്ള വളര്‍ച്ചയാണ് ഏറെ മികച്ചത്. ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഇത് നല്ല സമയമാണ്. അതിജീവന ചിന്താഗതിയിലേക്ക് മാറുക, ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയവ പ്രവര്‍ത്തന തത്വങ്ങളായി സ്വീകരിക്കണം’ – നടന്‍ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും മൂല്യമുള്ള വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 2,500 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 2021 സാമ്ബത്തിക വര്‍ഷത്തില്‍ 4,588 കോടിയുടെ നഷ്ടമാണ് ബൈജൂസിന് ഉണ്ടായത്. പ്രതിദിനം 12.5 കോടിയാണ് കമ്ബനിയുടെ നഷ്ടം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ കമ്ബനിയുടെ വരുമാനത്തിലും ഇടിവുണ്ടായിരുന്നു. 2,704 കോടിയില്‍ നിന്നും വരുമാനം 2,428 കോടിയായി കുറഞ്ഞു.
2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാകാത്തത് കനത്ത തിരിച്ചടിയാണ് ബൈജൂസിന് നല്‍കുന്നത്. കോവിഡ് മൂലം ഇക്കാലത്ത് സ്കൂളുകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. എല്ലാവരും ഓണ്‍ലൈന്‍ പഠനത്തിലേക്ക് തിരിയുന്ന കാലഘട്ടത്തിലും നേട്ടമുണ്ടാക്കാനാകാത്തതാണ് ബൈജൂസിന് തിരിച്ചടിയാവുന്നത്.
അതേസമയം ഓഡിറ്ററായ ഡിലോയിറ്റുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വൈകിയാണ് ബൈജൂസിന്റെ സാമ്പത്തിക വിവരങ്ങള്‍ പുറത്ത് വന്നത്. ബൈജൂസ് ലാഭം കണക്കാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ ഡിലോയിറ്റ് ചൂണ്ടിക്കാണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കോര്‍പ്പറേറ്റ് മന്ത്രാലയത്തില്‍ സാമ്പത്തിക റിപ്പോര്‍ട്ടിന്റെ സമര്‍പ്പണം വൈകുന്നതിലേക്ക് നയിച്ചത്. എന്നാല്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 10,000 കോടിയായെന്ന് ബൈജൂസ് പറയുന്നുണ്ട്. ആ വര്‍ഷത്തിലെ ലാഭമോ നഷ്ടമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button