LatestMalappuram

താജ് ഗ്രൂപ്പ് 120 കോടിയുടെ നിക്ഷേപവുമായി വയനാട്ടില്‍

“Manju”

കല്‍പറ്റ: വയനാടിന്റെ വിനോദസഞ്ചാര വികസന മേഖലയില്‍ വന്‍ കുതിച്ചുചാട്ടമായി ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ തരിയോട് മഞ്ഞൂറയില്‍ ഒരുങ്ങി. ഒറ്റയടിക്ക് 120 കോടി രൂപയുടെ ടൂറിസം നിക്ഷേപമാണ് താജ് ഗ്രൂപ്പ് വയനാട്ടില്‍ നടത്തിയിരിക്കുന്നത്. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറില്‍ പരിസ്ഥിതി സൗഹൃദപരമായി പണിതുയര്‍ത്തിയ താജ് വയനാട് റിസോര്‍ട്ട് ആന്‍ഡ് സ്പാ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
പ്രവാസി മലയാളിയായ എന്‍. മോഹന്‍കൃഷ്ണന്റെ സ്വപ്ന പദ്ധതിയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടല്‍. പ്രദേശവാസികളായ ഒട്ടേറെപ്പേര്‍ക്കു തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. താജ് വയനാട് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കു മാത്രമല്ല, സാമ്ബത്തികമേഖലയ്ക്കാകെ പുത്തനുണര്‍വായിരിക്കുമെന്ന് ബാണാസുര സാഗര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് സി.എം.ഡി എന്‍. മോഹന്‍കൃഷ്ണന്‍ പറഞ്ഞു.
ജലാശയത്തോടു ചേര്‍ന്ന ഉപദ്വീപില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടല്‍ ബാണാസുര തടാകത്തിന്റെയും കുന്നുകളുടെയും മനോഹരമായ കാഴ്ച പകര്‍ന്നു നല്‍കുന്നതാണ്. ഭൂമിയുടെയും ആകാശത്തിന്റെയും ജലാശയത്തിന്റെയും പനോരമിക് കാഴ്ച നല്‍കുന്ന മുറികളും കോട്ടേജുകളും വില്ലകളും മൂന്ന് റസ്റ്റോറന്റുകളുമാണ് പ്രധാന പ്രത്യേകത. 864 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പ്രസിഡന്‍ഷ്യല്‍ വില്ലയും ഒരുക്കിയിട്ടുണ്ട്.
ലോകത്തെല്ലായിടത്തുമുള്ള തനതുരുചികളും ഇവിടെ പരിചയപ്പെടാം. നാല് പൂള്‍ വില്ലകളും 42 വാട്ടര്‍ ഫ്രണ്ടേജ് കോട്ടേജുകളും ഉള്‍പ്പെടെ 61 മുറികളും ഗാര്‍ഡന്‍ ഏരിയയുമെല്ലാം താജ് വയനാടിന്റെ സൗകര്യങ്ങളാണ്. യോഗ പവലിയന്‍, ആംഫി തിയറ്റര്‍, ജീവ സ്പാ എന്നിവയുള്‍പെട്ട വെല്‍നെസ് പാക്കേജുകളും ലഭ്യമാണ്.
ഹോട്ടലിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കുമെന്ന് സി.എം.ഡി എന്‍. മോഹന്‍ കൃഷ്ണന്‍, പി.ആര്‍.ഒ ഐ. സിദ്ദിഖ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related Articles

Back to top button