KeralaLatest

അടുത്ത മഹാമാരിക്കായി ഇന്ത്യ തയ്യാറെടുക്കുന്നു

രോഗകാരികളുടെ സാധ്യത തിരിച്ചറിയാന്‍ പദ്ധതി: NTAGI മേധാവി

“Manju”

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍, അടുത്ത മഹാമാരിക്കായി ഇന്ത്യ ഒരുക്കം തുടങ്ങി. ഇതിനായി രോഗകാരികളുടെ സാധ്യത തിരിച്ചറിയാനുള്ള പദ്ധതി ആരംഭിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആലോചിക്കുന്നതായി നാഷനല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍ടിഎജിഐ) തലവന്‍ എന്‍കെ അറോറ ന്യൂസ് 18-നോട് വെളിപ്പെടുത്തി.
ഇന്ത്യയില്‍ കൊറോണ വൈറസ് വാക്സിനുകളുടെ ഉപയോഗവും വിതരണവും സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്ന സമിതിയാണ് എന്‍.ടി.എ.ജി.ഐ. രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ഇതോടൊപ്പം നിരീക്ഷണ സംവിധാനങ്ങളും വളരെ മികച്ച നിലയിലാണെന്നും അറോറ പറഞ്ഞു.
“ഇതോടൊപ്പം, പാത്തോജനുകളുടെ സാധ്യത നിര്‍ണ്ണയിക്കാനും തിരിച്ചറിയാനും ഇന്ത്യയെ സഹായിക്കുന്ന ഒരു പദ്ധതിയും വൈകാതെ ആരംഭിക്കാന്‍ പോകുകയാണ്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം, ലോകമെമ്പാടും ഒമിക്രോണിന്റെ 70 വകഭേദങ്ങളാണ് കണ്ടെത്തിയത്. ഇവയുടെയെല്ലാം സാന്നിധ്യം ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാത്തോജനുകളുടെ സഞ്ചാരം പരിഗണിക്കുമ്പോള്‍ ലോകം പരന്നതാണെന്ന് പറയേണ്ടി വരും. അതുകൊണ്ടാണ്, ലോകത്ത് എല്ലായിടത്തും കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദങ്ങള്‍ ഇന്ത്യയിലും തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തലും ശക്തമായ നയങ്ങള്‍ രൂപീകരിക്കലും ആണ് കാലഘട്ടത്തിന്‍്റെ ആവശ്യം. ഇതിനായുള്ള ശ്രമത്തിലാണ് രാജ്യമെന്ന് അറോറ വ്യക്തമാക്കി.

ആശങ്കയുടെ ആവശ്യമില്ല

സിംഗപ്പൂരില്‍ കോവിഡ് കേസുകള്‍ പെട്ടെന്ന് വര്‍ദ്ധിക്കാന്‍ കാരണമായ ഒമിക്രോണിന്റെ എക്സ്ബിബി വകഭേദത്തെ കുറിച്ച്‌ ആശങ്കപ്പെടേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യത്തിന്, ലോകത്താകമാനം തിരിച്ചറിഞ്ഞ വകഭേദങ്ങള്‍ അസാധാരണമായ സ്വഭാവം കാണിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വ്യാപന നിരക്കിന് വലിയ പ്രാധാന്യമില്ല. വ്യാപന നിരക്കിനെക്കാള്‍ വൈറസ് കാരണം ഉണ്ടാകുന്ന രോഗത്തിന്റെ കാഠിന്യമാണ് പ്രധാനമായി പരിഗണിക്കേണ്ടത്.

“ആഗോള തലത്തില്‍, കോവിഡ്-19 പരിശോധന ഏറ്റവും കുറഞ്ഞ നിലയിലാണുള്ളത്. അതുകൊണ്ട് ഒരു രാജ്യം പരിഗണിക്കുന്ന പ്രധാന മാനദണ്ഡങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെയും മരണത്തിന്റെയും നിരക്കാണ്. ഇന്ത്യയില്‍ ഇവ രണ്ടും നിയന്ത്രണത്തിലാണ്, അതിനാല്‍ ആശങ്കപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഇന്ത്യയ്ക്ക്, മെച്ചപ്പെട്ട സാംക്രമിക രോഗ ഡാറ്റയാണുള്ളത്, ഇതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ നിരക്ക് വളരെ കുറവാണ്, ആഗോള ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍, മരണ നിരക്ക് 10-20 മാത്രമാണ്,” അറോറ പറഞ്ഞു.

എന്നാല്‍, ജാഗ്രത കൈവിടരുത് എന്നത് മാത്രമാണ് പ്രധാനം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നഗരങ്ങളിലെയും സംസ്ഥാനങ്ങളിലെയും ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെയും മരിക്കുന്നതിന്‍്റെയും നിരക്ക് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടും മികച്ച രീതിയിലുള്ള നിരീക്ഷണം സാധ്യമാക്കിക്കൊണ്ടും കോവിഡിനെ നിയന്ത്രിച്ചു നിര്‍ത്താനാകും.

ഇന്ത്യയുടെ കോവിഡ് നിരീക്ഷണം വളരെ സൂക്ഷ്മമാണെന്നും സ്യൂവേജ് സര്‍വെയിലന്‍സിനു പുറമേ അസുഖം മൂര്‍ച്ഛിച്ച ആളുകളുടെ വൈറല്‍ ഐസൊലേഷനും ഇന്ത്യ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ഇപ്പോഴും ഇവിടെയുണ്ട്

കോവിഡ്-19 ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ടെന്നും ഉത്സവ സീസണ്‍ കഴിഞ്ഞതിനാല്‍ അസുഖ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വലിയ വര്‍ദ്ധന ഉണ്ടാകുന്നില്ലെങ്കില്‍ ആശങ്കയുടെ കാര്യമില്ല. അച്ചടക്കം പാലിക്കുകയും കൈ കഴുകുകയും മാസ്ക് ധരിക്കുകയും പോലുള്ള കാര്യങ്ങള്‍ പിന്തുടരേണ്ട ആവശ്യം മാത്രമേയുള്ളൂ.

Related Articles

Back to top button