KeralaLatest

പ്ലസ് വൺ വിദ്യാർത്ഥി നിർമ്മിച്ച വോട്ടിങ് മെഷീൻ

“Manju”

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ സര്‍ക്കാര്‍ ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇത്തവണ തെരെഞ്ഞെടുപ്പ് നടന്നത് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി നിര്‍മ്മിച്ച വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച്. പോളിങ്ങും കൗണ്ടിങ്ങുമെല്ലാം ഞൊടിയിടയില്‍ പൂര്‍ത്തിയാക്കാവുന്ന മെഷീനാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അബ്ദുള്‍ അമാന്‍ നിര്‍മ്മിച്ചത്.

പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അബ്ദുൾ അമാൻ. എന്നാൽ ഇലക്ട്രോണിക്സിലാണ് ഈ മിടുക്കന്റെ താത്പര്യവും മികവും. സ്കൂളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ഇലക്ട്രോണിക് മെഷീൻ നിർമ്മിക്കാമെന്ന ആശയം ഈ മിടുക്കന്റെ തലയിൽ ഉദിച്ചത്. പിന്നീട് അതിനുള്ള ശ്രമം തുടങ്ങി.

രണ്ട് തവണ വോട്ടിങ് മെഷീൻ നിര്‍മ്മിച്ച് നോക്കി. പരീക്ഷിച്ച് വിജയം കണ്ടതോടെ, തന്റെ കണ്ടുപിടിത്തത്തെ കുറിച്ച് അധ്യാപകരെ അറിയിച്ചു. ഇതോടെയാണ് പേപ്പർ ബാലറ്റിന് പകരം ഇക്കുറി അമാൻ വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാവാം തെരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് സ്കൂൾ അധികൃതർ എത്തിയത്. സ്കൂള്‍ തെരെഞ്ഞെടുപ്പില്‍ ഒരു തകരാറുമില്ലാതെ യന്ത്രം പ്രവര്‍ത്തിച്ചു. പോളിങ്ങും കൗണ്ടിങ്ങുമെല്ലാം കിറുകൃത്യമായതോടെ ഈ തെരഞ്ഞെടുപ്പ് സ്കൂളിന് മികവിന്റെ പൊൻതൂവലായി.

ഇലക്ട്രോണിക്സ് ഉല്‍പ്പന്ന വ്യാപാരിയാണ് അബ്ദുള്ള അമാന്റെ പിതാവ്. അദ്ദേഹത്തില്‍ നിന്നാണ് ഇലക്ട്രോണിക്സില്‍ ഈ കൊച്ചുമിടുക്കന് താല്‍പര്യമുണ്ടായത്. പത്ത് സ്ഥാനാര്‍ത്ഥികളെയും അവരുടെ ചിഹ്നങ്ങളും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നു അമൻ വികസിപ്പിച്ച വോട്ടിങ് യന്ത്രം. കൂടുതല്‍ സാങ്കേതിക മികവോടെ ഈ യന്ത്രം വികസിപ്പിക്കാനാവുമെന്ന് അമൻ പറയുന്നു. അങ്ങിനെയെങ്കില്‍ പൊതു തെരെഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കാനാവുന്ന വോട്ടിങ് യന്ത്രം തന്നെ ഉണ്ടാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് അമൻ ഇപ്പോൾ.

 

Related Articles

Back to top button