HealthLatest

ഇന്ന് ലോക പക്ഷാഘാത ദിനം.

“Manju”

പെട്ടെന്നൊരുദിവസം അതുവരെ ഓടിക്കൊണ്ടിരുന്ന മെഷീൻ തകര്‍ന്നുവീഴുക.  പിന്നെ അതിന്റെ ചില ഭാഗങ്ങള്‍ പ്രവര്‍ത്തനരഹിതമാകുക.  അത് നമ്മുടെ ജീവിതത്തിലാണ് സംഭവിക്കുന്നതെങ്കിലോ.  തകര്‍ന്നുപോകുകതന്നെ ചെയ്യും.  ശരീരത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തളരുമ്പോള്‍ ശരീര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രീകൃത സിസ്റ്റത്തിലാണ് അത് ബാധിച്ചിരിക്കുക.  അതെ നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രക്ഷോഭണമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം.

ന്ന് ലോക പക്ഷാഘാത ദിനമായാണ് ആചരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ഓക്‌സിജന്റെ അഭാവം തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുമ്പോള്‍ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ള സ്ട്രോക്ക്, മരണകാരണം എന്നതിലുപരി, അതിജീവിക്കുന്നവരില്‍ ഉണ്ടാക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ അറിയാം.

സ്ട്രോക്ക് അറിയാം : വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ശരീരത്തിന്റെ ഒരു ഭാഗത്ത് പെട്ടെന്ന് ബലക്ഷയം ഉണ്ടാകുക, മുഖം കോടിപോകുക, സംസാരിക്കാനും ഗ്രഹിക്കാനും ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച മങ്ങുക, ഇതൊക്കെ സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്.

സമയം വിലപ്പെട്ടത് : സ്ട്രോക്കിന് സമയബന്ധിതമായ ചികിത്സ അനിവാര്യമാണ്. രോഗ ലക്ഷണങ്ങള്‍ ആരംഭിച്ച്‌ നാലര മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കാനാകൂ. ഉടനടി ചികിത്സ ലഭിച്ചില്ലെങ്കില്‍ ചലന ശേഷിയും സംസാരശേഷിയും തന്നെ എന്നെന്നേക്കുമായി നഷ്ടപ്പെടും. ചിലപ്പോള്‍ മരണം തന്നെയും സംഭവിച്ചേക്കാം. അതുകൊണ്ട് സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ ഏറെ നിര്‍ണായകമാണ്.

കാരണങ്ങള്‍ : ഒരു ജീവിതശൈലി രോഗമാണ് സ്ട്രോക്ക്. പുകവലി, അമിത മദ്യപാനം, തെറ്റായ ആഹാരക്രമം, വ്യായാമത്തിന്റെ അഭാവം, അമിതവണ്ണം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് എന്നവ ഉള്ളവര്‍ക്കും സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാതം ഉണ്ടായിട്ടുള്ളവര്‍ക്കും, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍ക്കുമൊക്കെ സ്‌ട്രോക്കിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് : ഈ സാമ്പത്തിക വര്‍ഷം തന്നെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, ഇടുക്കി തൊടുപുഴ ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, തൃശൂര്‍ ജനറല്‍ ആശുപത്രി, കോഴിക്കോട് ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് മെഡിക്കല്‍ കോളജുകള്‍ കൂടാതെ സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

നിമിഷങ്ങള്‍ക്ക് നിങ്ങളുടെ ജീവന്‍ രക്ഷിക്കാനാകും. പക്ഷാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയൂ, ചികിത്സ തേടൂ ജീവന്റെ വിലപ്പെട്ട സമയം സംരക്ഷിക്കൂഎന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാതദിന സന്ദേശം.

Related Articles

Back to top button