KeralaLatest

പമ്പുകളില്‍ ഇലക്‌ട്രോണിക് സംവിധാനം‍

“Manju”

കൊച്ചി: ഇന്ധനങ്ങളുടെ അളവിലും ഗുണമേന്മയിലും തട്ടിപ്പ് നടത്തുന്നത് തടയുന്ന ഇലക്‌ട്രോണിക് സംവിധാനം രാജ്യത്തെ മുഴുവന്‍ പമ്പുകളിലും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്നു. പമ്പുകളെ ഇന്ത്യന്‍ ഓയില്‍ ഓഫീസുകളുമായി ബന്ധിപ്പിക്കുന്ന സംവിധാനം കേരളത്തിലെ മുഴുവന്‍ പമ്പുകളിലും നടപ്പാക്കി. റീട്ടെയില്‍ ഔട്ട്ലെറ്റ് ആട്ടോമേഷന്‍ സിസ്റ്റം (എ.ടി.ഒ.എസ് ) വഴിയാണ് നിരീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജര്‍ (വിജിലന്‍സ്) ഹൈമറാവു പറഞ്ഞു.

പമ്പുകളിലെ യൂണിറ്റുകളെ കംമ്പ്യൂട്ടര്‍ സംവിധാനംവഴി ഇന്ത്യന്‍ ഓയിലിന്റെ സംസ്ഥാന ഓഫീസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനഉടമ ആവശ്യപ്പെട്ട തുക ആകുന്നതിന് മുമ്പ് ഇന്ധനമടിക്കുന്നത് നിറുത്തിയാല്‍ ടാങ്കിലേയ്ക്ക് കടത്തിവയ്ക്കുന്ന നോസില്‍ തനിയെ ലോക്കാകും. വീണ്ടും പെട്രോളോ ഡീസലോ അടിക്കാനാകില്ല. ഇന്ത്യന്‍ ഓയില്‍ ഓഫീസ് ഇടപെട്ട് നടപടി സ്വീകരിച്ചശേഷം നല്‍കുന്ന പ്രത്യേക കോഡ് ഉപയോഗിച്ച്‌ മാത്രമേ വീണ്ടും നോസില്‍ തുറക്കാന്‍ കഴിയൂ.

ഇന്ധനമടിക്കുംമുമ്പ് മീറ്ററില്‍ പൂജ്യമെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കളും ശ്രദ്ധിക്കണം. അടിച്ചുതീരുമ്പോള്‍ പറഞ്ഞ തുകയാണെന്നും ഉറപ്പാക്കണം. ഇതുവഴി ക്രമക്കേട് ഒഴിവാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സ് വാരാചരത്തിന്റെ ഭാഗമാവി വെല്ലിംഗ്ഡണ്‍ ഐലന്‍ഡിലെ പമ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യന്‍ ഓയില്‍ ചീഫ് ജനറല്‍ മാനേജര്‍ (വിജിലന്‍സ്) ഹൈമറാവു, കേരള ചീഫ് മാനേജര്‍ (വിജിലന്‍സ് ) ടി.എന്‍. ദീപ്തിനാഥ്, ഡിവിഷണല്‍ ഹെഡ് വിപിന്‍ അഗസ്റ്റിന്‍, ചീഫ് മാനേജര്‍ (റീട്ടെയില്‍ സെയില്‍) അബ്ദുള്‍ മലിക്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ രാജശേഖര്‍ രാജാറാം എന്നിവര്‍ പങ്കെടുത്തു.

ഗുണമേന്മ പരിശോധിക്കും
പമ്പുകളിലെ ടാങ്കുകളില്‍നിന്ന് സാമ്പിളുകളെടുത്ത് ഗുണമേന്മ ഉറപ്പാക്കുന്ന പരിശോധനകള്‍ നടത്തുന്നുണ്ട്. റിഫൈനറിയില്‍നിന്ന് ടാങ്കര്‍ ലോറികളില്‍ നിറയ്ക്കുമ്പോള്‍ ഇന്ധനത്തിന്റെ ഡെന്‍സിറ്റി പരിശോധിക്കും. പമ്പിലെ ടാങ്കില്‍ നിറച്ചശേഷം സാമ്പിളെടുത്ത് ഹൈഡ്രോമീറ്റര്‍ ഉപയോഗിച്ച്‌ ഡെന്‍സിറ്റി ടെസ്റ്റ് പരിശോധിച്ച്‌ മായം കലര്‍ത്തുന്നില്ല എന്നുറപ്പാക്കുന്നുണ്ട്.

ബില്‍ മൊബൈലില്‍ വരും
വാഹനത്തില്‍ ഇന്ധനം നിറച്ചാല്‍ മൊബൈല്‍ഫോണില്‍ ബില്‍ ലഭിക്കുന്ന സംവിധാനവും നടപ്പാക്കും. വാഹനത്തിന്റെ നമ്പരുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരിലേയ്ക്ക് തത്സമയം ബില്‍ ലഭിക്കും. പിറന്നാള്‍ ഉള്‍പ്പെടെ വിശേഷദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ആശംസാസന്ദേശങ്ങളും ലഭിക്കും

Related Articles

Back to top button