IndiaLatest

വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പ തുക ഇരട്ടി

“Manju”

ന്യൂഡല്‍ഹി : വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പ തുക ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി കേന്ദ്രം. പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിര്‍ഭര്‍ നിധി പദ്ധതിക്ക് കീഴിലുള്ള വഴിയോര കച്ചവടക്കാര്‍ക്കുള്ള വായ്പാ തുകയായിരിക്കും ഉയര്‍ത്തുക.

കൊവിഡ്-19 മഹാമാരി പടര്‍ന്നു പിടിച്ചതിന് ശേഷമുള്ള ആദ്യത്തെ ലോക്ക്ഡൗണ്‍ കാലത്താണ് പ്രത്യേക മൈക്രോ ക്രെഡിറ്റ് സൗകര്യമായ പ്രധാന്‍ മന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മ നിര്‍ഭര്‍ നിധി പദ്ധതി ആരംഭിച്ചത്, മൂന്ന് തവണകളായി തെരുവോര കച്ചവടക്കാര്‍ക്ക് വായ്പ എടുക്കാം.

തെരുവോരങ്ങളില്‍ കച്ചവടം ചെയ്യുന്ന രാജ്യത്തെ കച്ചവടക്കാര്‍ ആശ്വാസ വാര്‍ത്തയാണിത്. തുക ഇരട്ടിയാക്കുന്നതിലൂടെ കച്ചവടം വിപുലീകരിക്കാന്‍ അവര്‍ക്ക് സാധിക്കും. 10,000, 20,000, 50,000 തുടങ്ങി മൂന്ന് ഘട്ടങ്ങളായാണ് കച്ചവടക്കാര്‍ക്ക് സാധരണ വായ്പ്പ ലഭിക്കാറുള്ളത്. ഇതില്‍ ആദ്യം നല്‍കുന്ന 10000 രൂപയുടെ ഗഡു ഇരട്ടിയാക്കാനാണ് പരിഗണിക്കുന്നത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വഴിയോര കച്ചവടക്കാര്‍ക്ക് ഉപകാരപ്രദമാണെങ്കിലും ആദ്യ ഗഡു 10000 മാത്രമായത് വായ്പയോടുള്ള പ്രിയം കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാരണം പുതിയൊരു കച്ചവടം ആരംഭിക്കാന്‍, അല്ലെങ്കില്‍ പുതുക്കാന്‍ ഈ തുകയ്ക്ക് കഴിയില്ലെന്ന വാദം ഉണ്ടായിരുന്നു. ഇതോടെയാണ് ആദ്യ ഗഡു ഇരട്ടിയാക്കാനുള്ള ആലോചന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

ആദ്യം പദ്ധതിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചിട്ടുണ്ടായിരുന്നത്. പദ്ധതി നടപ്പാക്കിയ ആദ്യ ഒന്‍പത് മാസത്തിനുള്ളില്‍ 10,000 രൂപയുടെ 20 ലക്ഷം വായ്പകളാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. എന്നാല്‍, രണ്ടാം വര്‍ഷം ഇത് 9 ലക്ഷം വായ്പയായി കുറഞ്ഞു. ഈ വര്‍ഷം ഒന്‍പത് മാസത്തിനുള്ളില്‍ 10,000 രൂപയുടെ 2 ലക്ഷം വായ്പകളാണ് ബാങ്കുകള്‍ അനുവദിച്ചത്.

Related Articles

Back to top button