IndiaLatest

അയണ്‍മാന്‍ റിലേ ചലഞ്ച് പൂര്‍ത്തിയാക്കി തേജസ്വി സൂര്യ

“Manju”

പനാജി: അയണ്‍മാന്‍ റിലേ ചലഞ്ച് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ പാര്‍ലമെന്റേറിയന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി തേജസ്വി സൂര്യ. ബിജെപി എംപിയാണ് തേജസ്വി സൂര്യ. ഗോവയില്‍ നടന്ന അയണ്‍മാന്‍ 70.3 ല്‍ 90 കിലോമീറ്റര്‍ സൈക്ലിംഗ് നടത്തിയാണ് തേജസ്വി സൂര്യ റിലേ ചലഞ്ച് പൂര്‍ത്തിയാക്കിയത്. നീന്തല്‍, ഓട്ടം, സൈക്ലിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ നടക്കുന്ന ട്രയാത്ലണ്‍ ആണിത്. മൂന്ന് പേരാണ് ഒരു ടീമില്‍ ഉണ്ടാവുക.

അയണ്‍മാന്‍ 70.3, ഹാഫ് അയണ്‍മാന്‍ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടാറുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇത്തവണത്തെ അയണ്‍മാന്‍ ചലഞ്ച് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതാദ്യമായാണ് ഒരു എംപി ഈ ചലഞ്ചില്‍ പങ്കെടുത്ത് അത് പൂര്‍ത്തിയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഹൊസൂര്‍, സംരംഭകനായ അനികേത് ജെയിന്‍ എന്നിവരും അയണ്‍മാന്‍ 70.3ല്‍ തേജസ്വി സൂര്യയ്‌ക്കൊപ്പം പങ്കാളികളായി.

മൂന്ന് വിഭാഗങ്ങളിലായി മൂന്ന് പേര്‍ പങ്കെടുത്താണ് ഈ റിലേ ചലഞ്ച് പൂര്‍ത്തിയാക്കുന്നത്. ഇതില്‍ മത്സരത്തിന്റെ ആദ്യ ഭാഗം നീന്തലാണ്. 1.9 കിലോമീറ്റര്‍ നീന്തി ശ്രേയസ് ഹൊസൂര്‍ ഇത് പൂര്‍ത്തിയാക്കി. രണ്ടാം ഭാഗമാണ് സൈക്ലിംഗ്. തേജസ്വി സൂര്യയാണ് 90 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ഈ ലക്ഷ്യം പൂര്‍ത്തിയാക്കിയത്. മൂന്നാം ഭാഗം ഹാഫ് മാരത്തണ്‍ ആണ്. അനികേത് ജെയിനാണ് 21.1 കിലോമീറ്റര്‍ ദൂരം ഓടി ഹാഫ് മാരത്തണ്‍ പൂര്‍ത്തിയാക്കിയത്. 30ഓളം രാജ്യങ്ങളില്‍ നിന്നുള്ള 1500ഓളം യുവതീ യുവാക്കളാണ് റിലേ ചലഞ്ചിന്റെ ഭാഗമായത്. കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അയണ്‍മാന്‍ ചലഞ്ച് നടത്തിയിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്പോര്‍ട്സിനും ഫിറ്റ്നസിനും എല്ലായ്‌പ്പോഴും പ്രാധാന്യം നല്‍കാറുണ്ടെന്ന് തേജസ്വി സൂര്യ പറഞ്ഞു. ആരോഗ്യവും ശാരീരികക്ഷമതയും നിലനിര്‍ത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് അയണ്‍മാന്‍ 70.3 ചലഞ്ച്. ഇന്ന് കൂടുതല്‍ കൂടുതല്‍ യുവാക്കള്‍ സ്‌പോര്‍ട്‌സും ഫിറ്റ്‌നസും ഒരു കരിയറായി ഏറ്റെടുക്കാന്‍ തയ്യാറാകുന്നുണ്ട്. അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണിതെന്നും തേജസ്വി സൂര്യ പറഞ്ഞു.

Related Articles

Back to top button