IndiaLatest

ധാരാവിക്ക് പുതുമുഖം നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ അദാനി

“Manju”

മുംബൈ: ലോകത്തിലെ തന്നെ വലിയ ചേരിപ്രദേശങ്ങളിലൊന്നായ ധാരാവിക്ക് പുതുമുഖം നല്‍കാന്‍ സന്നദ്ധത അറിയിച്ച്‌ അദാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള മൂന്ന് കമ്പനികള്‍. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ഡിഎല്‍എഫ്, നമാന്‍ എന്നീ കമ്പനികളാണ് ധാരാവിയുടെ പുനര്‍വികസന കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധതയറിയിച്ച്‌ രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് കമ്പനികളുടേയും സാങ്കേതിക മികവ് പരിശോധിച്ച്‌ ഏറ്റവും മികച്ചതായി തോന്നുന്നവര്‍ക്ക് കരാര്‍ നല്‍കുമെന്ന് ധാരാവി പുനര്‍വികസന അതോറിറ്റി സിഇഒ എസ്.വി.ആര്‍ ശ്രീനിവാസ് പറഞ്ഞു. ഏകദേശം 20,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കപ്പെടുന്നത്.

2016ല്‍ അഞ്ചുതവണ നീട്ടിയിട്ടും ലേലത്തിനായി ആരും മുന്നോട്ടുവന്നിരുന്നില്ല. 2018ല്‍ രണ്ട് ടെന്‍ഡറുകള്‍ മാത്രമാണ് ലഭിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 11ന് നടന്ന പ്രീ-ബിഡ് മീറ്റിംഗില്‍ ദക്ഷിണ കൊറിയയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എട്ട് കമ്പനികളാണ് പങ്കെടുത്തത്. എന്നാല്‍ അവസാന ദിനത്തില്‍ മൂന്ന് കമ്പനികള്‍ മാത്രമാണ് കരാര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചത്.

ഒക്ടോബര്‍ 1 ന് മഹാരാഷ്ട്ര സര്‍ക്കാര്‍ 1600 കോടി രൂപയുടെ അടിസ്ഥാന വില നിശ്ചയിച്ച്‌ ആഗോള ടെന്‍ഡറുകള്‍ വിളിച്ചിരുന്നു. യോഗ്യത നേടുന്ന കമ്പനിക്ക് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ലേലം ഉറപ്പിക്കും. 1600 കോടി രൂപയുടെ ചെറിയ നിക്ഷേപത്തിലാണ് ടെന്‍ഡര്‍ അനുവദിക്കുക. കമ്പനികളും സര്‍ക്കാരും ചേര്‍ന്നുള്ള സ്പെഷ്യല്‍ പ്രൊജക്‌ട് വെഹിക്കിള്‍ കമ്പനി രൂപീകരിച്ചാണ് ധാരാവിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക. പുനരധിവാസത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് എസ്പിവി സ്ഥാപനം രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 20 ശതമാനം ഓഹരിയും വന്‍കിട കമ്പനികളുടെ 80 ശതമാനം ഓഹരിയുമാണ് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക.

Related Articles

Back to top button