InternationalLatest

ലോകകപ്പ് ഫുട്‌ബോള്‍ ബി ഗ്രൂപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – ഇറാന്‍ പോരാട്ടം

“Manju”

ദോഹ ; ലോകകപ്പ് ഫുട്‌ബോളിലെ ബി ഗ്രൂപ്പില്‍ ഇന്ന് ഇംഗ്ലണ്ട് – ഇറാന്‍ പോരാട്ടം. വൈകീട്ട് 6:30 ന് ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. നായകന്‍ ഹാരി കെയ്ന്‍, റാഷ്‌ഫോര്‍ഡ് , ജാക്ക് ഗ്രീലിഷ്, ഫില്‍ ഫോദന്‍ , റഹിം സ്റ്റെര്‍ലിങ്, എന്നിവര്‍ ഉള്‍പെടുന്ന ഇംഗ്ലണ്ട് ടീം സൂപ്പര്‍ താരങ്ങളുടെ കൂടാരമാണ്. ഏറെ സൂപ്പര്‍ താരങ്ങള്‍ ഉണ്ടായിട്ടും ലോക ഫുട്‌ബോളിന്റെ കളിക്കളങ്ങളില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ല. ഈ തല വര ത്രീ ലയണ്‍സിന് തിരുത്തണം. കിടിലന്‍ ആക്രമണ നിരയാണ് ഇംഗ്ലണ്ട് ടീമിന്റെ കരുത്ത്. മധ്യനിരയും പ്രതിരോധ നിരയുമെല്ലാം സൂപ്പര്‍ താരങ്ങളെ കൊണ്ട് സമ്പന്നം.

യൂറോ കപ്പിന്റെ ഫൈനല്‍ വരെ എത്തിയ കുതിപ്പിന്റെ ആവര്‍ത്തനമാണ് ഗാരെത് സൌത്‌ഗേറ്റിന്റെ ശിഷ്യരുടെ ലക്ഷ്യം. ഏഷ്യന്‍ ശക്തികളായ ഇറാനെ ഗോള്‍ മഴയില്‍ മുക്കി ത്രീ ലയണ്‍സിന് വിജയത്തുടക്കം കുറിക്കണം. അതേസമയം ലോക ഫുട്‌ബോളിലെ വമ്പന്‍ ടീമുകള്‍ക്ക് മുന്നില്‍ പൊരുതി നിന്ന ചരിത്രം ഏറെയുണ്ട് കാര്‍ലോസ് ക്വിറോസ് പരിശീലിപ്പിക്കുന്ന ഇറാന് പറയാന്‍.

ഏഷ്യന്‍ രാജ്യത്ത് തന്നെ പന്ത് തട്ടാന്‍ ഇറങ്ങുമ്പോള്‍ പേര്‍ഷ്യന്‍ ലയണ്‍സിന് പഴയ കണക്കുകള്‍ തീര്‍ക്കാന്‍ ഉണ്ട്. എഫ്.സി പോര്‍ട്ടോ താരം മെഹ്ദി തരേമിയും ബയര്‍ ലെവര്‍ക്യുസന്‍ താരം സര്‍ദാര്‍ അസ്മൂനുമാണ് ആക്രമണ നിരയിലെ കുന്തമുനകള്‍. മികച്ച പോരാട്ടവീര്യവും കടുകട്ടി പ്രതിരോധവുമാണ് എഹ്‌സാന്‍ ഹജ്‌സാഫി നായകനായ ഇറാനിയന്‍ സംഘത്തെ വേറിട്ടു നിര്‍ത്തുന്നത്. വിജയം മാത്രമാണ് ഏഷ്യന്‍ ശക്തികളുടെ ലക്ഷ്യം. ത്രീ ലയണ്‍സും പേര്‍ഷ്യന്‍ ലയണ്‍സും തമ്മിലുള്ള അതിവാശിയേറിയ പോരിനാണ് ദോഹയിലെ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം വേദിയാവുക.

Related Articles

Back to top button