IndiaKeralaLatest

അരികിലുള്ളതിനെ അകലെപ്പോയി ഓര്‍മ്മിക്കാൻ കിട്ടിയ അവസരമാണ് പ്രവാസം- സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ഭോപ്പാല്‍ (മധ്യപ്രദേശ്) : അരികിലുള്ളതിനെ അകലെപ്പോയി ഓര്‍മ്മിക്കാൻ കിട്ടിയ അവസരമാണ് പ്രവാസമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. പ്രവാസകാലത്താണ് നാം ഗൃഹാതുരത്ത്വത്തിലേക്ക് പോകുന്നത്. അത് നമ്മുടെ ജീവിതത്തിലുടനീളം നമ്മോടൊപ്പമുണ്ടാകും. അതുപോലെ പ്രാവാസം തേടിയ മലയാളികള്‍ ലോകത്തിന്റെ ഭാഗധേയത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറിയിട്ടുണ്ടെന്നും ലോകത്തിന്റെ എല്ലായിടത്തും മലയാള ഭാഷ ഇന്ന് മുഴങ്ങി കേള്‍ക്കുന്നതായും സ്വാമി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലിലെ ഗോവിന്ദ പുര ഹേമ ഹയര്‍ സെക്കന്ററി സ്കൂളില്‍ നവംബര്‍ 20 ന് ഞായറാഴ്ച വൈകിട്ട് 6 ന് നടന്ന ആള്‍ ഇന്ത്യ മലയാളി അസോസിയേഷൻ എം.പി. ചാപ്റ്ററിന്റെ വാര്‍ഷികാഘോഷത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്വാമി. ഭൂഗോളത്തിന്റെ ഒരു അരികില്‍ വാലറ്റം പോലെയുള്ള ചെറിയ സ്ഥലത്തു നിന്നും നമ്മള്‍ ഭൂമിയുടെ നാനാഭാഗത്തും എത്തി തങ്ങളുടെ ജന്മനാടിന്റെ പെരുമയും സ്ഥാനവും ഉറപ്പിക്കുകയായിരുന്നുവെന്ന് സ്വാമി പറഞ്ഞു. ഇന്നും ലോകത്തിന്റെ നാനാഭാഗത്ത് കുടിയേറ്റം നടക്കുന്നുണ്ട്. അത് കടന്നുകയറ്റമാണ്. നമ്മുടെത് നിശബ്ദമായ പരിവര്‍ത്തനത്തിന്റെ മാറ്റമാണ്. നാം സ്നേഹവും കരുതലുമാണ് ലോകത്തിന് നല്‍കിയത്.

മധ്യപ്രദേശ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റിയാസ് ഇക്ബാല്‍ ഐ.പി.എസ്., ആള്‍ ഇന്ത്യ മലയാളി അസോസിയേഷൻ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.പി.ജെ. അപ്രൈൻ, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാൻ സബീര്‍ തിരുമല എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.

വിവിധ മേഖലകളില്‍ ഉന്നത സ്ഥാനം കരസ്ഥമാക്കിയ മലയാളികളെ വേദിയില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടന്നു. നാട്യശ്രീ കലാമണ്ഡലം കാവ്യ, പ്രതിഭാലയ മഞ്ജു മാണി, കലാഞ്ജലി പ്രദീപ് കൃഷ്ണൻ എന്നിവരുടെ കലാവിരുന്ന് വേദിയില്‍ അരങ്ങേറി. തുടര്‍ന്ന്  മധ്യപ്രദേശിലെ ആദിവാസി കലാകാരന്മാരുടെ കലാവിരുന്ന് പരിപാടിയുടെ മുഖ്യ ആകര്‍ഷകമായിരുന്നു. ആള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും നടന്നു.

Related Articles

Back to top button