
ഇ– കൊമേഴ്സ് വെബ്സൈറ്റുകളില്‍ നല്‍കുന്ന വ്യാജ റിവ്യൂകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകള്‍ മുഖാന്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ റിവ്യൂകള്‍ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വ്യാജ റിവ്യൂകള്‍ ഉപഭോക്താക്കളെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇതോടെ, പണം നല്‍കി ആളെ വെച്ച് എഴുതിക്കുന്നതോ, വിലയ്ക്ക് വാങ്ങുന്നതോ ആയ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ വ്യാജ റിവ്യൂകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആണ് നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍, റിവ്യൂ എഴുതുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിച്ചു ഉറപ്പിച്ചതിനു ശേഷം മാത്രമേ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. കൂടാതെ, റിവ്യൂ എഴുതുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ രേഖപ്പെടുത്തുകയും ചെയ്യണം. ചട്ടലംഘനം നടത്തി വ്യാജ റിവ്യൂകള്‍ തുടരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്ത പടിയായി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.