IndiaLatest

സൈനികനാകാന്‍ രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഓടി സുരേഷ്

“Manju”

ന്യൂഡല്‍ഹി: കോവിഡ് കാരണം പാതി വഴിയിലായ സൈനിക റിക്രൂട്ട്മെന്റ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം യുവാക്കള്‍ ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി, രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിലേക്ക് ഓടി യുവാവ്.
രാജസ്ഥാനിലെ സിക്കറില്‍ നിന്നുള്ള സുരേഷ് ആണ് വ്യത്യസ്ത രീതിയില്‍ പ്രതിഷേധം ആരംഭിച്ചത്. കോവിഡ് കാരണം ഏകദേശം 2 വര്‍ഷമായി സൈനിക റിക്രൂട്ട്‌മെന്റ് മുടങ്ങിക്കിടക്കുകയാണ്. റിക്രൂട്ട്‌മെന്റ് പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലായിരുന്നു ഇതിനെതിരെ, നൂറുകണക്കിന് യുവാക്കള്‍ ജന്തര്‍മന്തറില്‍ നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ് സുരേഷിന്റെ ഈ ഓട്ടവും.
മാര്‍ച്ച്‌ 29 നായിരുന്നു സുരേഷ് തന്റെ ഓട്ടം ആരംഭിച്ചത്. ചൊവ്വാഴ്ചയോടെ 350 കിലോമീറ്ററിലധികം ദൂരമാണ് സുരേഷ് പിന്നിട്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും 6 കിലോമീറ്റര്‍ ദൂരം ആണ് പിന്നിടുന്നത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹമുള്ള യുവാക്കള്‍ക്കിടയില്‍ കുറച്ചുകൂടി ആവേശം ജനിപ്പിക്കാനാണ് താന്‍ ഓടുന്നതെന്ന് സുരേഷ് വ്യക്തമാക്കി. ഇന്ത്യന്‍ ആര്‍മിയില്‍ ചേരുക എന്നതാണ് തന്റെ ജീവിതാഭിലാഷമെന്ന് സുരേഷ് പറയുന്നു. ഇതുവരെ സുരേഷിന് തന്റെ ആഗ്രഹം സഫലമാക്കാന്‍ സാധിച്ചില്ല. ടെറിട്ടോറിയല്‍ ആര്‍മിയുടെ (ടിഎ) തയ്യാറെടുപ്പ് തുടരുകയാണെന്ന് അദ്ദേഹം പറയുന്നു.
‘ഞാന്‍ പുലര്‍ച്ചെ 4 മണിക്ക് ഓട്ടം ആരംഭിച്ച്‌, 11 മണിയോടെ പെട്രോള്‍ പമ്ബില്‍ വെച്ച്‌ നിര്‍ത്തും. കുറച്ച്‌ നേരം അവിടെ വിശ്രമിക്കും. സമീപ പ്രദേശങ്ങളിലെ ആളുകളില്‍ നിന്നും ഭക്ഷണം സ്വീകരിക്കും. ഞാന്‍ ഇപ്പോള്‍ ഒരു വര്‍ഷത്തിലേറെയായി എന്റെ വീട്ടില്‍ നിന്ന് തന്നെയാണ് ആര്‍മിയില്‍ ചേരുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഒരു പശുവിനെയും എരുമയെയും വിറ്റാണ് എന്റെ വിദ്യാഭ്യാസച്ചെലവ് എന്റെ മാതാപിതാക്കള്‍ വഹിച്ചത്’, യുവാവ് പറയുന്നു.

Related Articles

Back to top button