Uncategorized

ചെന്നൈയും തണുക്കുന്നു ; താപനില 26 ഡിഗ്രിയ്ക്ക് താഴെ

“Manju”

ചെന്നൈ : ഇന്ത്യയിലെ മെട്രോ നഗരമായ ചെന്നൈയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. എല്ലാ നവംബര്‍ മാസവും നഗരത്തില്‍ താപനില കുറവാണ്. ഇത്തവണ നഗരത്തിലെ താപനില 26 ഡിഗ്രി സെല്‍ഷ്യസിലും താഴ്ന്നതായാണ് റിപ്പോര്‍ട്ടുകള്‍. നവംബറിലെ കാലാവസ്ഥ മാറ്റം ഇതാദ്യമായല്ല അനുഭവപ്പെടുന്നത്. ഈ കാലയളവില്‍ തമിഴ്‌നാട്ടില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കനത്ത മഴ ലഭിക്കാതായതാണ് ഈ കാലാവസ്ഥ മാറ്റത്തിന് കാരണം.
തിങ്കളാഴ്ച തമിഴ്‌നാട്ടിലെ നുങ്കമ്ബാക്കത്തും മീനമ്ബാക്കത്തും യഥാക്രമം 24.9 ഡിഗ്രി സെല്‍ഷ്യസും 25.6 ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് രേഖപ്പെടുത്തിയത്. ഇത് സംസ്ഥാനത്ത് അനുഭവപ്പെടുന്ന ശരാശരി താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് കുറവാണ്.

എന്നാല്‍ ഈ പ്രതിഭാസം ഒറ്റദിവസം കൊണ്ട് തീര്‍ന്നിരുന്നില്ല. തുടര്‍ച്ചയായ രണ്ടാം ദിവസം, അതായത് ചൊവ്വാഴ്ചയും നഗരത്തില്‍ ശരാശരിയില്‍ താഴെയുള്ള താപനിലയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ തിങ്കളാഴ്ചയേക്കാള്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. രണ്ട് കാലാവസ്ഥാ സ്റ്റേഷനുകളിലും യഥാക്രമം 26.5 ഡിഗ്രി സെല്‍ഷ്യസും 27. 3 ഡിഗ്രി സെല്‍ഷ്യസും താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്.

മീനമ്ബാക്കം ഒബ്‌സര്‍വേറ്ററിയിലെ സണ്‍ഷൈന്‍ റെക്കോര്‍ഡര്‍ രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ ഒരു സൂര്യപ്രകാശത്തില്‍ നിന്നുള്ള കഠിനമായ താപനില രേഖപ്പെടുത്തിയിരുന്നില്ല. ഈ സമയത്ത് ആകാശം മേഘാവൃതമായിരുന്നുവെന്നും അതിനാല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയത്തില്‍ ഏകദേശം അരമണിക്കൂര്‍ മാത്രമാണ് നല്ല രീതിയില്‍ സൂര്യപ്രകാശം ലഭിച്ചതെന്നും നിരീക്ഷകര്‍ പറയുന്നു.

ചൊവ്വാഴ്ച ഭൂമിയിലേക്കുള്ള സൗരവികിരണത്തിന്റെ തീവ്രത കുറവായിരുന്നു. ഇതാണ് സൂര്യപ്രകാശം കുറഞ്ഞതിന് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. മേഘാവൃതമായ ആകാശം, ഭൂമിയുടെ തണുത്ത ഉപരിതലം, കുറഞ്ഞ ഭൗമ വികിരണം എന്നിവയും പകല്‍ താപനില പെട്ടെന്ന് താഴാന്‍ കാരണമായതായി ചെന്നൈയിലെ എയ്റോഡ്രോം കാലാവസ്ഥാ ഓഫീസിലെ ശാസ്ത്രജ്ഞയായ ബി.അമുദ പറഞ്ഞു.

 

 

 

Related Articles

Back to top button