InternationalLatest

റഷ്യയുമായി രൂപയില്‍ വ്യാപാര ഇടപാട്

എച്ച്‌‍ഡിഎഫ്‍സിക്കും കാനറ ബാങ്കിനും അനുമതി

“Manju”

 

ന്യൂഡല്‍ഹി: കാനറ ബാങ്കിനും എച്ച്‌.ഡി.എഫ്.സി ബാങ്കിനും റഷ്യയുമായി രൂപയില്‍ വ്യാപാരത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇടപാടുകള്‍ക്കായി പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറക്കാനാണ് ആര്‍ബിഐയുടെ അംഗീകാരം ലഭിച്ചത്. ഇന്ത്യന്‍ കറന്‍സി വഴി അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിന് വഴിയൊരുക്കുന്നതാണ് പുതിയ നീക്കം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, യുകോ ബാങ്ക് എന്നിവയ്ക്ക് രൂപ വഴിയുള്ള ഇടപാടുകള്‍ നടത്തുന്നതിന് ആര്‍ബിഐയില്‍ നിന്ന് നേരത്തെ അനുമതി ലഭിച്ചിരുന്നു.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയ്ക്കാകും ഇടപാടില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുക. ഇന്‍വോയ്സിംഗ്, പേയ്മെന്റ്, സെറ്റില്‍മെന്റ് തുടങ്ങിയവയ്ക്കായി രൂപ ഉപയോഗിക്കാം.

ഇക്കഴിഞ്ഞ ജൂലൈയിലാണ് അന്താരാഷ്ട്ര വ്യാപാരം രൂപയില്‍ നടത്തുന്നതിന് ആര്‍ബിഐ പ്രത്യേക സംവിധാനം കൊണ്ടുവന്നത്. വിദേശ വ്യാപാരം സുഗമമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ നടപടി. രൂപ മൂല്യത്തകര്‍ച്ച നേരിടുന്ന സമയത്ത് ഈ നീക്കം ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഷ്യയുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കുമെന്ന് എസ്ബിഐ അന്ന് പറഞ്ഞിരുന്നു. ആര്‍ബിഐ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച്‌, റഷ്യന്‍ ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകള്‍ പ്രൊസസ് ചെയ്തു വരികയാണെന്നും എസ്ബിഐ അറിയിച്ചിരുന്നു.

ഒരു പ്രാദേശിക ബാങ്ക് വിദേശ ബാങ്കിലേക്ക് സ്വന്തം കറന്‍സിയില്‍ പെയ്മെന്റ് നടത്തുന്ന രീതിയാണ് വോസ്ട്രോ എന്നറിയപ്പെടുന്നത്. അതായത്, റഷ്യയിലെ ഒരു ബാങ്ക് ഇന്ത്യയിലെ ഒരു ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്ബോള്‍ അതില്‍ ഇന്ത്യന്‍ കറന്‍സി വഴിയുള്ള ഇടപാടാണ് നടത്തുക. ഏതു രാജ്യവുമായാണോ ഇടപാട് നടത്തുന്നത്, അതിന്റെ കറസ്‌പോണ്ടന്റ് ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് വഴി പേയ്‌മെന്റുകള്‍ നടത്താം.

യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് പല രാജ്യങ്ങളും റഷ്യക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഇന്ത്യ വലിയ അളവില്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. എണ്ണയും കല്‍ക്കരിയുമൊക്കെ വാങ്ങുന്നതിന് രൂപയില്‍ പണം നല്‍കാന്‍ പുതിയ വിനിമയ രീതിയിലൂടെ സാധിക്കും.

രാജ്യത്തെ ക്രൂഡ് ഓയിലിന്റെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. നടപ്പു സാമ്ബത്തിക വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്ക് അനുസരിച്ച്‌, 105.8 ബില്യണ്‍ ഡോളര്‍ ചെലവാക്കി193.5 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എണ്ണ വില ഉയരുമ്ബോള്‍, രാജ്യങ്ങള്‍ നല്ല ഡീലുകള്‍ തേടുന്നത് സ്വാഭാവികമാണെന്നും ഇന്ത്യ ഒരുമാസം വാങ്ങുന്ന എണ്ണ യൂറോപ്പ് അരദിവസം വാങ്ങുന്ന അത്രയും വരില്ലെന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടു പ്രതികരിച്ച്‌ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.

 

Related Articles

Back to top button