IndiaLatest

അഞ്ചാംപനി വ്യാപനം രൂക്ഷം; കേന്ദ്രസംഘമെത്തും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ കുട്ടികളില്‍ അഞ്ചാംപനി വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ അന്വേഷണത്തിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ജാര്‍ഖണ്ഡിലെ റാഞ്ചി, ഗുജറാത്തിലെ അഹമ്മദാബാദ്, കേരളത്തിലെ മലപ്പുറം എന്നിവിടങ്ങളിലേക്കാണ് മൂന്നംഗ വിദഗ്ധ സംഘമെത്തുക. കേന്ദ്ര കുടുംബക്ഷേമ മന്ത്രാലയത്തിന്റേതാണ് നടപടി. സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സംഘം നല്‍കുന്നതാണ്. കൂടാതെ പകര്‍ച്ചവ്യാധിയെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുകയും ചെയ്യും.

കഴിഞ്ഞ ദിവസം മുംബൈയില്‍ 13 പേരെയാണ് അഞ്ചാംപനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മരണവും സംഭവിച്ചിട്ടുണ്ട്. രോഗം ബാധിച്ച 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടാതെ മേഖലയില്‍ 156 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബിഎംസി അറിയിച്ചു.

കൊറോണ മഹാമാരി ആരംഭിച്ചതിന് ശേഷം അഞ്ചാംപനിക്കെതിരായ പ്രതിരോധ കുത്തിവെപ്പ് ക്രമാതീതമായി കുറഞ്ഞിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കുട്ടികളില്‍ വ്യാപകമായി അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള കാരണമിതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് അഞ്ചാംപനി. വാക്‌സിനേഷന്‍ വഴി ഇത് പൂര്‍ണമായും തടയാനാകും. നിലവില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളെയാണ് അഞ്ചാംപനി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കുട്ടികളില്‍ ഇത് മരണസംഖ്യ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.

Related Articles

Back to top button