Uncategorized

ഉണര്‍ന്നു… സൈബീരിയന്‍ വൈറസ് !

48000 വര്‍ഷം പഴക്കമുള്ള സൈബീരിയൻ വൈറസുകളെയാണ് പുനരുജ്ജീവിപ്പിച്ചത്.

“Manju”

മോസ്കോ : ഹിമയുഗം മുതല്‍ റഷ്യയിലെ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റിന്റെ ആഴങ്ങളില്‍ മറഞ്ഞിരുന്ന പുരാതന വൈറസുകളെ പുനരുജ്ജീവിപ്പിച്ച്‌ ഗവേഷകര്‍.
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെര്‍മാഫ്രോസ്റ്റ് മണ്ണുമായി ഇടകലര്‍ന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകള്‍ പുറത്തെത്തുകയും ചെയ്യും. ഇതുയര്‍ത്തുന്ന ഭീഷണിയിലേക്കാണ് പഠനം വിരല്‍ ചൂണ്ടുന്നത്. ഇത്തരം വൈറസുകള്‍ ഇതുവരെ കാര്യമായ ഭീഷണി ഉയര്‍ത്തിയിട്ടില്ലെങ്കിലും ഭാവിയില്‍ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാല്‍ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വടക്കന്‍ റഷ്യയിലെ സൈബീരിയയില്‍ നൂറുകണക്കിന് വര്‍ഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് ‘പെര്‍മാഫ്രോസ്റ്റ്’ എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലര്‍ന്ന മേഖലകളാണ് പെര്‍മാഫ്രോസ്റ്റുകള്‍.
പെര്‍മാഫ്രോസ്റ്റിലെ മഞ്ഞില്‍ നിന്ന് ശേഖരിച്ച അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകളില്‍പ്പെടുന്ന 13 വൈറസുകളെയാണ് ഗവേഷകര്‍ തിരിച്ചറിയുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തത്. 48,500 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെയും ഗവേഷക‌ര്‍ പുനരുജ്ജീവിപ്പിച്ചു. ഇതുവരെ ശാസ്ത്രലോകത്തിന് തിരിച്ചെത്തിക്കാനായ ഏറ്റവും പഴക്കംചെന്ന വൈറസാണിതെന്ന് കരുതുന്നു.
മാമത്തുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 27,000 വര്‍ഷം പഴക്കമുള്ള മൂന്ന് വൈറസുകളെയും ഗവേഷകര്‍ വേര്‍തിരിച്ചെടുത്തു. പിതോവൈറസ് മാമത്ത്, പാന്‍ഡോറവൈറസ് മാമത്ത്, മെഗാവൈറസ് മാമത്ത് എന്നിങ്ങനെയാണ് ഇവ മൂന്നിനും നല്‍കിയിരിക്കുന്ന പേര്. സൈബീരിയന്‍ ചെന്നായയുടെ വയറ്റിനുള്ളില്‍ കണ്ടെത്തിയ രണ്ട് വൈറസുകള്‍ക്ക് പാക്‌മാന്‍ വൈറസ് ലൂപസ്, പാന്‍ഡോറവൈറസ് ലൂപസ് എന്നീ പേരുകള്‍ നല്‍കി.
അമീബകളെ ബാധിക്കാന്‍ ശേഷിയുള്ള വൈറസുകളാണിവ. ബാക്ടീരിയയേക്കാള്‍ വലിപ്പമുള്ള ഇവയ്ക്ക് പകര്‍ച്ചവ്യാധികളുണ്ടാക്കാന്‍ ശേഷിയുണ്ടെന്ന സൂചനയാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയത്.
ഫ്രാന്‍സിലെ എക്സ് മാര്‍സെയ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനങ്ങള്‍ക്ക് പിന്നില്‍. 2014ല്‍ സൈബീരിയന്‍ പെര്‍മാഫ്രോസ്റ്റില്‍ കണ്ടെത്തിയ 30,000 വര്‍ഷം പഴക്കമുള്ള ഒരു വൈറസിനെയും ഈ ഗവേഷകര്‍ പുനരുജ്ജീവിപ്പിച്ചിരുന്നു.
പ്രാചീന ശിലായുഗത്തില്‍ ജീവിച്ചിരുന്ന മാമത്തുകള്‍ ഉള്‍പ്പെടെ നിരവധി ജീവികളുടെ അവശിഷ്ടങ്ങളാണ് പെര്‍മാഫ്രോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്. മഞ്ഞുരുകലിന്റെ ഫലമായി മണ്‍മറഞ്ഞ ഏതാനും ജീവികളുടെ ഫോസിലുകള്‍ ഇവിടെ നിന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴി‌ഞ്ഞിട്ടുണ്ട്.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ മനുഷ്യരെ അപകടത്തിലാക്കാന്‍ ശേഷിയുള്ള വൈറസുകളെ തിരിച്ചറിഞ്ഞ് അവയ്ക്കുള്ള വാക്സിനുകളും മറ്റും വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.
അതേ സമയം, 15,000 വര്‍ഷം പഴക്കമുള്ള ചൈനയിലെ ടിബറ്റന്‍ പീഠഭൂമി മേഖലയിലെ പടിഞ്ഞാറന്‍ കുന്‍ലുന്‍ ഷാന്‍ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളില്‍ കഴിഞ്ഞ വര്‍ഷം ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉള്‍പ്പെടെ 33 വൈറസുകളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു. ഈ അജ്ഞാത വൈറസുകള്‍ മണ്ണിലോ ചെടികളിലോ കാണപ്പെട്ടവയായിരുന്നിരിക്കാമെന്നും മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്നവയാകാനിടയില്ലെന്നുമാണ് വിലയിരുത്തല്‍.

Related Articles

Back to top button