IndiaLatest

മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവ്

“Manju”

മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് തടയിടാന്‍ നിയമഭേദഗതിക്ക് ഒരുങ്ങി കേന്ദ്രം. 1960ലെ നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനുള്ള കരട് തയ്യാറായി. മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം തടവും, ക്രൂരമായി ഉപദ്രവിച്ചാല്‍ മൂന്ന് വര്‍ഷം തടവും അടക്കം 61 ഭേദഗതികള്‍ക്കുള്ള കരടാണ് തയ്യാറായിരിക്കുന്നത്.

ഫിഷറീസ്, മൃഗസംരക്ഷം, ക്ഷീരവികസന മന്ത്രാലയങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കിയ കരടില്‍ ഡിസംബര്‍ ഏഴ് വരെ പൊതുജനാഭിപ്രായം തേടുന്നതിനായി പരസ്യമാക്കി. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ ബില്‍ അവതരിപ്പിച്ചേക്കും. നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നത്.

തടവ് ശിക്ഷയും പിഴ തുകയും വര്‍ധിപ്പിക്കുന്നതിനൊപ്പം മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് വാറണ്ട് ഇല്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാനും സാധിക്കും. 50,000 മുതല്‍ 75,000 വരെയാണ് പിഴയായി നിര്‍ദേശിക്കുന്നത്. അല്ലെങ്കില്‍ മൃഗത്തിന്റെ വിലയോ മൃഗഡോക്ടറുമായി കൂടിയാലോചിച്ചോ പിഴത്തുക തീരുമാനിക്കാം. മൃഗങ്ങളെ ക്രൂരമായി ഉപദ്രവിച്ചാല്‍ ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും, മൃഗങ്ങളെ കൊന്നാല്‍ അഞ്ച് വര്‍ഷം വരെ തടവും കരട് ശുപാര്‍ശ ചെയ്യുന്നു.

നിയമത്തില്‍ മൃഗങ്ങള്‍ക്ക് അഞ്ച് സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്താനും കരട് നിര്‍ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടത് മൃഗങ്ങളുടെ ചുമതലയുള്ള ഓരോ വ്യക്തിയുടെയും കടമയാണെന്നും വ്യക്തമാക്കുന്നു.

Related Articles

Back to top button