IndiaLatest

മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വര്‍ഷം

“Manju”

മുംബൈ : ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത ദിനമായി കണക്കാക്കുന്ന മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വര്‍ഷം. പത്ത് ലഷ്‌കര്‍ ഭീകരരാണ് അന്ന് മുംബൈ നഗരത്തില്‍ അഴിഞ്ഞാടിയത്. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് ( സിഎസ്‌എംടി), താജ്മഹല്‍ പാലസ് ഹോട്ടല്‍, ഹോട്ടല്‍ ട്രൈഡന്റ്, നരിമാന്‍ ഹൗസ്, ലിയോപോള്‍ഡ് കഫേ, കാമ ഹോസ്പിറ്റല്‍ എന്നിവ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ ആക്രമണം. പാക് ഭീകരരുടെ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമുള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. അതേസമയം ഒന്‍പത് ഭീകരരെ സുരക്ഷാ സേന വധിച്ചു. ജീവനോടെ പിടികൂടിയ അജ്മല്‍ കസബിനെ 2012 നവംബര്‍ 21നാണ് തൂക്കിലേറ്റിയത്.

നവംബര്‍ 26 ന് കറാച്ചിയില്‍ നിന്ന് സ്പീഡ് ബോട്ടിലാണ് ലഷ്‌കര്‍ ഭീകരര്‍ മുംബൈയിലെത്തിയത്. തുടര്‍ന്ന് രണ്ട് ഭീകരര്‍ ട്രൈഡന്റിലും രണ്ട് പേര്‍ താജ് ഹോട്ടലിലും നാല് പേര്‍ നരിമാന്‍ ഹൗസിലും പ്രവേശിച്ചു. കസബും ഇസ്മായില്‍ ഖാനും സിഎസ്‌എംടിയില്‍ വെടിവെയ്പ്പ് നടത്തി. ആക്രമണത്തിന് ശേഷം ഇവര്‍ കാമ ആശുപത്രിയിലേക്ക് നീങ്ങി. അശോക് കാംതെ, വിജയ് സലാസ്‌കര്‍, എന്നീ പോലീസ് ഉദ്യോഗസ്ഥരും മുംബൈ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) മുന്‍ തലവന്‍ ഹേമന്ത് കര്‍ക്കറെയുമുള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം ഇവര്‍ പോലീസ് ജീപ്പ് തട്ടിയെടുക്കുകയായിരുന്നു.

എന്നാല്‍ ഗിര്‍ഗാവ് ചൗപ്പട്ടിക്ക് സമീപം ഗാംദേവി പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം ഭീകരരെ തടഞ്ഞു. വെടിവെപ്പില്‍ ഇസ്മായില്‍ ഖാന്‍ കൊല്ലപ്പെടുകയും കസബിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുക്കാറാം ഓംബാലെ എന്ന പോലീസുകാരനാണ് അന്ന് ഡ്യൂട്ടിക്കിടെ മരിച്ചത്. നവംബര്‍ 27 നാണ് രാജ്യം ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രത്യാക്രമണം നടത്തിയത്. സൈനികരും മറൈന്‍ കമാന്‍ഡോകളും താജ് ഹോട്ടലും നരിമാന്‍ ഹൗസും ട്രൈഡന്റും വളഞ്ഞു. അകത്ത് പെട്ടുകിടക്കുന്ന സാധാരണക്കാരെ ബാച്ചുകളായി ഇവര്‍ പുറത്തെത്തിച്ചു. നവംബര്‍ 28 ഓടെ ട്രൈഡന്റ് ഹോട്ടലിലെയും നരിമാന്‍ ഹൗസിലെയും ഓപ്പറേഷനുകള്‍ അവസാനിച്ചു. എന്നാല്‍ നവംബര്‍ 29 നാണ് എന്‍എസ്ജി എത്തി താജ് ഹോട്ടലില്‍ നിന്ന് ആളുകളെ മുഴുവനായി പുറത്തിറക്കിയത്. അതിനിടെ രാജ്യത്തിന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്ന എന്‍എസ്ജി കമാന്‍ഡോയെയും നഷ്ടമായി.

Related Articles

Back to top button