KeralaLatest

തൊഴിലുറപ്പ്‌ ജോലിയിലും ഇതര സംസ്‌ഥാനത്തൊഴിലാളികള്‍

“Manju”

തൊടുപുഴ: പഞ്ചായത്തുകളില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം നടത്തുന്ന ഐറിഷ്‌ ഓടയ്‌ക്കും റോഡ്‌ കോണ്‍ക്രീറ്റിങ്ങിനും ഇതര സംസ്‌ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നത്‌ വ്യാപകമായി. വിവിധയിടങ്ങളിലായി നടത്തുന്ന നിര്‍മാണ പ്രവൃത്തികള്‍ക്ക്‌ തൊഴിലുറപ്പ്‌ ജോലിക്കാരെ ഒഴിവാക്കി ഇതരസംസ്‌ഥാനക്കാരെ എത്തിച്ച്‌ പണികള്‍ നടത്തുന്നതിനെതിരേ പരാതിയും ഉയര്‍ന്നിട്ടുണ്ട്‌.
ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ ജില്ലയിലെമ്പാടും നടക്കുന്നത്‌ തൊഴിലുറപ്പ്‌ പദ്ധതിയെ അട്ടിമറിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട്‌. ഇതിനിടെ എസ്‌റ്റിമേറ്റ്‌ പ്രകാരമല്ലാതെ നടത്തുന്ന നിര്‍മാണത്തില്‍ അപാകതയുണ്ടെന്നും ആക്ഷേപമുയര്‍ന്നു. മൂന്ന്‌ ലക്ഷം മുതല്‍ അഞ്ച്‌ ലക്ഷം രൂപ വരെയാണ്‌ വാര്‍ഡുകളില്‍ നടക്കുന്ന ഓരോ പദ്ധതിക്കുമായി ചെലവഴിക്കുന്നത്‌. ബന്ധപ്പെട്ട ബ്ലോക്ക്‌ അസി. എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടത്തിലാണ്‌ നിര്‍മാണം. നിര്‍മാണപ്രവൃത്തി വാര്‍ഡിലെ തൊഴിലുറപ്പ്‌ ജോലിക്കാരെ ഉപയോഗിച്ചു നടത്തണമെന്നാണ്‌ നിയമം. തൊഴിലുറപ്പ്‌ പദ്ധതി പ്രകാരമുള്ള ജോലികള്‍ കരാറുകാരെ ഏല്‍പ്പിക്കരുതെന്നുമുണ്ട്‌. ആവശ്യമെങ്കില്‍ മാത്രം തൊഴിലുറപ്പ്‌ ജോലിക്കാര്‍ക്കൊപ്പം അത്യാവശ്യം വേണ്ട വിദഗ്‌ധ തൊഴിലാളികളെ (മേസ്‌തിരിമാര്‍) ഉപയോഗിക്കാമെന്നുണ്ട്‌. എന്നാല്‍ ഇതിന്റെ മറവില്‍ ഇതര സംസ്‌ഥാനക്കാരായ തൊഴിലാളികളെ ഉപയോഗിച്ചു മാത്രമാണ്‌ മുഴുവന്‍ ജോലികളും നടത്തുന്നത്‌.
നിര്‍മാണ സാമഗ്രികളായ സിമന്റ്‌, മെറ്റല്‍, പാറ മണല്‍ തുടങ്ങിയവ ടെന്‍ഡര്‍ പ്രകാരം എത്തിക്കാന്‍ കരാര്‍ ഏറ്റെടുത്തിരിക്കുന്നവര്‍ തന്നെയാണ്‌ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച്‌ നിര്‍മാണവും നടത്തുന്നത്‌. അറക്കുളം പഞ്ചായത്തിലെ നാല്‌ വാര്‍ഡുകളിലാണ്‌ നിലവില്‍ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം ഐറിഷ്‌ ഓടയുടെയും റോഡ്‌ കോണ്‍ക്രീറ്റിങ്ങിന്റെയും നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നത്‌.
ബാക്കിയുള്ള വാര്‍ഡുകളില്‍ ഇപ്പോഴും ജോലികള്‍ പുരോഗമിക്കുകയാണ്‌. നിര്‍മാണത്തിന്‌ നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തില്ലാതെ ഇതര സംസ്‌ഥാന തൊഴിലാളികള്‍ മാത്രം നിര്‍മാണം നടത്തുന്നത്‌ അശാസ്‌ത്രീയമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

Related Articles

Back to top button