Latest

പലതുണ്ട് ഗുണങ്ങള്‍ ഓട്‌സില്‍

“Manju”

ഏത് പ്രായക്കാര്‍ക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്‌, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോള്‍ ധമനികളുടെ ഭിത്തിയില്‍ വരുകയും അവയെ തടയുകയും ചെയ്യുന്നു.

‘ഓട്‌സില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഈ ലയിക്കുന്ന നാരുകള്‍ ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കാനും സഹായിക്കുന്നു. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കന്‍ കൊഴുപ്പ് കുറയ്ക്കാന്‍ സഹായകമാണ്…’ – പോഷകാഹാര വിദഗ്ധ ഗാര്‍ഗി ശര്‍മ്മ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ അടിച്ചമര്‍ത്താന്‍ അറിയപ്പെടുന്ന അവെനന്‍ത്രമൈഡുകള്‍ എന്ന ആന്റിഓക്‌സിഡന്റുകളാല്‍ ഓട്‌സില്‍ സമ്പന്നമാണ്. ഇത് രക്തക്കുഴലുകളിലൂടെ രക്തത്തിന്റെ സുഗമമായ ചലനത്തിന് സഹായിക്കുന്നു. കുറഞ്ഞ കലോറി ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ ഭക്ഷണത്തെ വേഗത്തില്‍ വിഘടിപ്പിക്കുന്നു. ഇത് അവയുടെ ദഹനത്തെ എളുപ്പമാക്കുന്നു. ഈ പ്രക്രിയയില്‍ അധിക കലോറി നഷ്ടപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കുന്നു. ബീറ്റാ ഗ്ലൂക്കന്‍ സംയുക്തം ചോളിസിസ്റ്റോകിനിന്‍ എന്ന വിശപ്പിനെ പ്രതിരോധിക്കുന്ന ഹോര്‍മോണിനെ ഉത്പാദിപ്പിക്കുന്നു.

100 ഗ്രാം ഓട്‌സില്‍ 16.9 ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായകമാണ്. ഓട്‌സിന്റെ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ മൂക്കിന്റെയും തൊണ്ടയുടെയും ശ്വാസനാളത്തിന്റെ വീക്കവും ജ്വലനവും കുറയ്ക്കുന്നു. ഇത് മികച്ച ശ്വസനത്തിനും ശ്വസനവ്യവസ്ഥയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനും ഫലപ്രദമാണ്. ഓട്‌സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Related Articles

Back to top button