ലോകകപ്പ് വേദിയില്‍ വളന്‍റിയറായി കുമ്മനം സ്വദേശി

കോട്ടയം: ലോകകപ്പ് വേദിയില്‍ വളന്‍റിയറായി കുമ്മനം സ്വദേശിയും. പേരേറ്റുതറ നിഷാദ് ഹസന്‍കുട്ടിയാണ് കുമ്മനത്തിന്റെ അഭിമാനവും ആവേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലെത്തിയത്.
പത്തുതലങ്ങളിലായി രണ്ടുവര്‍ഷം നീണ്ട സെലക്ഷന്‍ നടപടി ക്രമങ്ങള്‍ക്കുശേഷമാണ് ലോകത്തിലെ പല രാജ്യങ്ങളില്‍നിന്നുള്ള 20,000 പേരിലൊരാളായി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടത്. ചെറുപ്പംമുതലേ ഫുട്ബാളിനോടുള്ള ഇഷ്ടം നെഞ്ചേറ്റിയിരുന്നു നിഷാദ്. ആറാംക്ലാസുകാരനായ മകന്‍ ഫൈസാന്‍ അഹമദ് റൊണാള്‍ഡോയുടെ വലിയ ആരാധകനാണ്. ഖത്തറില്‍ ക്ലബിനുവേണ്ടി കളിക്കുന്നുണ്ട്. കോച്ചിങ്ങിനും പോകുന്നു. മകന്റെ ആഗ്രഹവും നിര്‍ബന്ധവുമാണ് നിഷാദിനെ വളന്‍റിയറാവാന്‍ പ്രേരിപ്പിച്ചത്. പ്രീ മാച്ച് സെറിമണിയടക്കം ഒരുക്കങ്ങളാണ് ചുമതല. ടീമുകളുടെ പതാക പിടിച്ചുനില്‍ക്കുക, ട്രോഫി ഒരുക്കുക തുടങ്ങിയ ജോലികള്‍. നിലവില്‍ എട്ടു ഷിഫ്റ്റ് കഴിഞ്ഞു. ഫൈനല്‍ മത്സരം വരെ വളന്‍റിയറായുണ്ടാവും. 10 വര്‍ഷമായി ഖത്തറിലുള്ള നിഷാദ് എസ്.ബി.ഐയുടെ ഹോള്‍ഡിങ് ഗ്രൂപ്പില്‍ ഓപറേഷന്‍ മനേജരാണ്. നേരത്തേ 11വര്‍ഷം ദുബൈയിലായിരുന്നു. ഭാര്യ ലിബിന, മറ്റു മക്കളായ ഫൈഹ ഫാത്തിമ, ഫിയാന്‍ അഹമ്മദ്, ഫഹ്റ ഫാത്തിമഎന്നിവരും കൂടെയുണ്ട്.
കാല്‍പന്തുകളിയുടെ രാജാക്കന്മാരെ നേരിട്ടുകാണാന്‍ അവസരം കിട്ടിയതില്‍ തനിക്കും കുടുംബത്തിനും ഏറെ സന്തോഷമുണ്ടെന്ന് നിഷാദ് പറഞ്ഞു. നിരവധി മലയാളികള്‍ വളന്‍റിയറായുണ്ട്. ജീവിതത്തില്‍ കിട്ടിയ വലിയ ഭാഗ്യം തന്നെയാണിതെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു.