KeralaLatest

ഏകാഭിനയത്തില്‍ ആകുലതകളും ആശങ്കകളും നിറച്ച് ശാന്തിപ്രിയ

“Manju”

ഇടുക്കി : അമ്മയുടെ ആകുലതകളാണ് പതിമൂന്നുകാരിയായ ശാന്തിപ്രിയ ഏകാഭിനയത്തിലൂടെ അവതരിപ്പിച്ചത്. സുഗതാകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിതയിലെ ആകുലതകള്‍ ആ പതിമൂന്നുകാരി അവതരിപ്പിച്ചത് ഏവരുടേയും മിഴിനിറയിച്ചു. സ്കൂള്‍ കലോത്സ വേദിയിലാണ് സുഗതകുമാരിയുടെ കവിത ഏകാഭിനയത്തിലൂടെ കാഴ്ചവെച്ചത്. ഒന്നാം സമ്മാനം കിട്ടയതറിഞ്ഞപ്പോള്‍ അതുവരെ അടക്കിപ്പിടിച്ച ആകുലതകളുടെ കെട്ടഴിച്ച് അവള്‍ പൊട്ടിക്കരഞ്ഞു. ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ഏറെ നേരം നിന്നു. അമ്മയും കണ്ണീരണിഞ്ഞു. ഇടുക്കി റവന്യൂ ജില്ലാ കലോത്സവത്തിലെ യു.പി. വിഭാഗം മോണോ ആക്ട് വേദിയിലാണ് വികാരനിര്‍ഭരമായ ഈ രംഗങ്ങള്‍ അരങ്ങേറിയത്. ശാന്തിപ്രിയ തരിപ്പിച്ചത് വെറുമൊരുകവിതയല്ല. അവളുടെ മനോഭാവങ്ങളും നോവുകളുമാണ്.

ബുദ്ധിമാന്ദ്യമുള്ള യുവതിയായ മകളെ തന്റെ കാലശേഷം ആരുനോക്കും എന്ന ഒരമ്മയുടെ ആശങ്കയാണ് സുഗതകുമാരി കവിതയിലൂടെ പറഞ്ഞത്. നിഷ്കളങ്കമായ അവളുടെ മുഖത്തുനോക്കുമ്പോള്‍ എങ്ങനെ ഞാനവളെ കൊല്ലുമെന്നും ആ അമ്മ ആകുലപ്പെടുന്നു. ആ അമ്മയുടെ ആവലാതികളും വേദനയുമാണ് ശാന്തിപ്രിയ തീവ്രതയോടെ അവതരിപ്പിച്ചത, അതിനുപിന്നിലും നീറുന്ന കഥയുണ്ട്. ചെറുപ്പത്തില്‍ തലച്ചോറിനുണ്ടായ രോഗംമൂലം ബുദ്ധിക്കുറവ് സംഭവിച്ച ഒരുചേട്ടൻ അവള്‍ക്കുണ്ടായിരുന്നു. വിഷ്ണുവെന്നായിരുന്നു ആ ചേട്ടന്റെ പേര്. പന്ത്രണ്ട് വയസ്സ് മൂത്ത ആ ജ്യേഷ്ഠന്റെ കൈപിടിച്ച് നടത്തിയത് അവളാണ്. ശാന്തിപ്രിയയ്ക്ക് ലക്ഷ്മി എന്ന ചേച്ചിയുമുണ്ട്. എന്നിരുന്നാലും ചേട്ടന്റെ കാര്യങ്ങള്‍ നോക്കുകയും ചേട്ടനെ സ്കൂളില്‍ കൊണ്ടുപോകുകയും വീട്ടില്‍ ഒപ്പം കൂട്ടിരിക്കുന്നതും അവളായിരുന്നു. മൂന്ന് വര്‍ഷം മുന്നേ ചേട്ടൻ അവളെ വിട്ടുപോയി. അന്ന് ഏറ്റവുമധികം വേദനിച്ചതും അവള്‍ക്കായിരുന്നു. ആ വേദനയും കണ്ണീരുമാണ് സുഗതകുമാരി ടീച്ചറിന്റെ കവിതയിലൂടെ ഏകാഭിനയത്തിലൂടെ അവള്‍ അവതരിപ്പിച്ചത്. ആ മനസ്സിന്റെ വിങ്ങലിന് എ ഗ്രേഡും ഒന്നാം സമ്മാനവും കിട്ടി. അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ശാന്തിപ്രിയയുടെ അച്ചൻ കുമളി ഒന്നാം മൈലില്‍ കുടിലുമറ്റത്തില്‍ വീട്ടില്‍ രാമചന്ദ്രനാണ്.

Related Articles

Back to top button