KeralaLatest

വിഴിഞ്ഞത്ത് വികസനത്തോടൊപ്പം സമാധാനവും പുലരണം: സമാധാനദൗത്യസംഘം

“Manju”
ബിഷപ്പ് ഡോ. സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി,തുടങ്ങിയവരുടെ നേതൃത്വത്തിലുളള സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ സമരപന്തലുകൾ സന്ദർശിച്ചപ്പോൾ

തിരുവനന്തപുരം: വികസനത്തോടോപ്പം നാട്ടിൽ സമാധനവും പുലരണമെന്നും വിഴിഞ്ഞത്തിന്റെ പേരിലുളള മുറിപ്പാടുകൾ മനസ്സുകളിൽ നിന്ന് മായ്ച്ചുകളയണമെന്നും സമാധാന ദൗത്യസംഘം. ബിഷപ്പ് ഡോ. സൂസപാക്യം, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസാനാധിപന്‍ ഡോ. ഗ്രബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവി, മാർത്തോമ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. മാർ ബർണബാസ് മെത്രപ്പോലീത്ത, ഏകലവ്യ ആശ്രമം സ്വാമി അശ്വതി തിരുനാൾ , ശിവഗിരി മഠം സ്വാമി വിദ്യാനന്ദ, മലങ്കര കത്തോലിക്ക സഭ സഹായ മെത്രാൻ ബിഷപ്പ് യോഹന്നാൻ മാർ പോളി കാർപ്പസ്, ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എന്‍ രാധാകൃഷ്ണൻ, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍, സിന്ദൂരം ചാരിറ്റീസ് ചെയർമാൻ സബീർ തിരുമല തുടങ്ങിയവരുടെ നേതൃത്വത്തിലുളള സമാധാന ദൗത്യ സംഘമാണ് ഇന്നലെ വിഴിഞ്ഞം സന്ദർശിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ പരിക്കേറ്റ് വിഴിഞ്ഞം പാരിഷ് കമ്മ്യൂണിറ്റി ഹാളിൽ കഴിയുന്നവരെയാണ് സംഘം ആദ്യം സന്ദർശിച്ചത്. തുടർന്ന് തീരദേശ സമര സമിതിയുടെയും പ്രാദേശിക ജനകീയ സമരസമിതിയുടേയും സമരപന്തലുകൾ സന്ദർശിച്ചു. പ്രാദേശിക ജനകീയ സമരസമിതി തുടക്കത്തിൽ സമാധാനദൗത്യസംഘത്തിൻ്റെ സന്ദർശനത്തിലെ ആശങ്കകൾ പങ്കുവെച്ചെങ്കിലും സന്ദർശന ഉദ്ധേശ്യത്തോട് അനുഭാവം പ്രകടിപ്പിച്ചു. അക്രമത്തിനെത്തിരെ തുടർനടപടികൾ ഉണ്ടാകണമെന്ന ആവശ്യത്തോട് ദൗത്യസംഘം യോജിച്ചു. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകണമെന്നും തങ്ങൾ ആരുടേയും പ്രതിനിധിയായിട്ടല്ല സമരപന്തൽ സന്ദർശിച്ചതെന്നും പ്രദേശത്തുണ്ടായിരുന്ന സമാധാനവും സഹകരണവും പുന:സ്ഥാപിക്കുകയാണ് ദൗത്യസംഘത്തിൻ്റെ ലക്ഷ്യമെന്നും സംഘത്തെ പ്രതിനിധീകരിച്ച് സംസാരിച്ച ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ സംഘം സമരപന്തലുളളവരുടെ ആശങ്കകളും പരാതികളും പൂർണ്ണമായും മനസിലാക്കും പരിക്കേറ്റവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേർന്നുമാണ് മടങ്ങിയത്. ജനകീയ സമരത്തിൽ രാഷ്ട്രീയ സാമൂഹിക സംഘടനകളെ സമാവായത്തില്‍ എത്തിക്കാനും സർക്കാർ തലത്തിലെ സമാധാനചർച്ചകൾക്ക് ആക്കം കൂട്ടാനും ശ്രമമുണ്ടാകുമെന്ന് സംഘത്തിലുളളവർ ഏകകണ്ഠേന അഭിപ്രായപ്പെട്ടു.

Related Articles

Back to top button