
ഹരിപ്പാട്: പ്രാര്‍ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ വൃതശുദ്ധിയോടെ മനസും ശരീരവും അര്‍പ്പിച്ച നൂറുകണക്കിന് ആത്മബന്ധുക്കളുടെ ആത്മസമർപ്പണമായി ശാന്തിഗിരി പ്രാര്‍ഥനാലയ സമര്‍പ്പണം. രാവിലെ 9 മണിക്ക് പ്രാര്‍ത്ഥനാ മണ്ഡപത്തിലെ നിലവിളക്കിൽ ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്ന് തിരി തെളിച്ചപ്പോള്‍ ആയിരം കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രാക്ഷരങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. പനിനീര്‍ പൂക്കളുടേയും ചന്ദനത്തിരികളുടേയും സുഗന്ധം ആശ്രമാങ്കണമാകെ പൂരിതമായി. പഞ്ചാവാദ്യത്തിൻ്റെ അകമ്പടിയോടെ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളുടെയും വിവിധ ഏരിയകളിൽ നിന്നുളള ഗുരുഭക്തരുടേയും നാട്ടുകാരുടേയും സാന്നിദ്ധ്യത്തിൽ പ്രാർത്ഥനാകേന്ദ്രം നാടിന് സമർപ്പിച്ചു. തുടർന്ന് നടന്ന സൗഹൃദക്കൂട്ടായ്മയിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ആരാധനയ്ക്ക് ശേഷം ദീപ പ്രദക്ഷിണവും ഉണ്ടാകും.

തിരുവനന്തപുരത്തെ കേന്ദ്രാശ്രമത്തിലേതിനു സമാനമായി താമരയില്‍ ഓങ്കാരരൂപമാണ് ഹരിപ്പാടിലേയും പ്രതിഷ്ഠ. ചിത്രപ്പണികളല്‍ അലങ്കരിക്കപ്പെട്ട പൂജാമുറിയിലാണ് ഓങ്കാരപ്രതിഷ്ഠ. പ്രാർത്ഥനാലയത്തിൻ്റെ കവാടത്തിൽ മുകളിലായി അഖണ്ഡനാമം ആലേഖനം ചെയ്തിരിക്കുന്നു. ഇരുവശത്തും ഗജമുഖങ്ങളും ചിത്രീകരിച്ചിരിച്ചിട്ടുണ്ട്. സര്‍വ ജാതിമതചിന്തകള്‍ക്കതീതമായി സര്‍വമതസ്ഥര്‍ക്കും ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഇടമായിട്ടാണ് പ്രാര്‍ത്ഥനാകേന്ദ്രത്തെ ശാന്തിഗിരി വിഭാവനം ചെയ്തിരിക്കുന്നത്.

2007ല്‍ ഹരിപ്പാടുളള കുടുംബം സമർപ്പിച്ച അരയേക്കര്‍ സ്ഥലത്താണ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരു തീര്‍ത്ഥയാത്രാവേളകളില്‍ പലതവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. 2014 ഫെബ്രുവരി 9 ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത പ്രാര്‍ത്ഥനാലയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അന്നു മുതലാണ് സ്ഥിരമായി പ്രാര്‍ത്ഥന ആരംഭിച്ചത്. പ്രാർത്ഥനാലയ സമർപ്പണത്തോടെ എല്ലാ ദിവസവും ആരാധനയും എല്ലാ മാസവും പൗര്‍ണ്ണമി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പുഷ്പസമര്‍പ്പണവും നടക്കും.