IndiaLatest

ആശ്രമങ്ങൾ നാടിന്റെ നന്മയ്ക്ക് വേണ്ടിയുളളത്- സ്വാമി ചൈതന്യ ജ്ഞാന തപസ്വി

“Manju”
ശാന്തിഗിരി ഹരിപ്പാട് പ്രാർത്ഥനാലയം സമർപ്പണത്തോടനുബന്ധിച്ച് നടന്ന സൗഹൃദക്കൂട്ടായ്മയിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി സംസാരിക്കുന്നു.

ഹരിപ്പാട്: ശാന്തിഗിരിയുടെ പേരിൽ ഓരോ പ്രദേശത്തും സ്ഥാപിക്കപ്പെടുന്ന ആശ്രമങ്ങൾ നാടിന്റെ നന്മയ്ക്കു വേണ്ടിയുളളതാണെന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. ഹരിപ്പാട് അകംകുടിയിൽ പ്രാർത്ഥനാലയം സമർപ്പണത്തോടനുബന്ധിച്ച് നടന്ന സൗഹൃദക്കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു സ്വാമി. ബ്രഹ്മേശ്ച പ്രകാരമുളള ആരാധനാലയമാണ് ശാന്തിഗിരിയുടേത്. വൈദികവിധി പ്രകാരം ലോകത്ത് ഇന്നോളം നടന്നിട്ടുളളതിൽ നിന്നും വ്യത്യസ്തമായ പ്രതിഷ്ഠാകർമ്മമാണ് ശാന്തിഗിരിയിൽ നടക്കുന്നതെന്നും അതു മാനവരാശിക്ക് എക്കാലത്തും ഉതകുന്ന തരത്തിലുളള സങ്കല്പകർമ്മാണെന്നും സ്വാമി പറഞ്ഞു. ആശ്രമം സ്ഥാപക ഗുരു നവജ്യോതിശ്രീകരുണാകരഗുരു തീർത്ഥയാത്ര വേളകളിൽ ഹരിപ്പാട് പ്രദേശം സന്ദർശിച്ചതും ഇവിടെ ഒരു പ്രസ്ഥാനമുണ്ടാകുമെന്ന് ഗുരുസ്ഥാനീയ ശിഷ്യപൂജിത അറിയിച്ചതും സ്വാമി വാക്കുകളിൽ ഓർത്തെടുത്തു. കേന്ദ്രാശ്രമത്തിലെ പ്രാർത്ഥനാലയത്തിന്റെ പ്രതിഷ്ഠകർമ്മം നിർവഹിക്കുന്ന സമയത്ത് ഗുരു കടന്നുപോയ അവസ്ഥകളും ബാല്യം മുതൽ ഗുരു അനുഭവിച്ച കഷ്ടതകളും വിവരിക്കുന്നതായിരുന്നു സ്വാമിയുടെ പ്രഭാഷണം. എഴുപത്തിരണ്ട് സംവത്സരം നീണ്ടുനിന്ന ഗുരുവിന്റെ ത്യാഗജീവിതത്തിന്റെ ധന്യതയിലാണ് ഓരോ ഗുരുഭക്തരും ജീവിക്കുന്നതെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് സ്വാമി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. സൗഹൃദക്കൂട്ടായ്മയിൽ ശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ സ്വാമി വീരഭദ്രാനന്ദ, ടൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം റിയാസ് അക്സാനി,  സ്വാമി ആത്മയോഗാനന്ദ, ഹിന്ദു ഐക്യവേദി ജില്ലാവർക്കിംഗ് പ്രസിഡന്റ് എം.പ്രഗൽഭൻ, മുൻസിപ്പൽ കൗൺസിലർ ശ്രീവിവേക്, പായിപ്പാട് ജലോത്സവ കമ്മിറ്റി ചെയർമാൻ ബെന്നി മാത്യൂസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.റ്റി.എസ്.താഹ, ഗാന്ധിഭവൻ ചെയർമാൻ ജി.രവീന്ദ്രൻപിളള, അക്‌കോക് സംസ്ഥാന ജനറൽ സെക്രട്ടറി അബി ഹരിപ്പാട്, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി ജെ.മഹാദേവൻ, കേരള എൻ.ജി.ഒ സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പ്രകാശ്, അനിൽ ചേർത്തല തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.

Related Articles

Back to top button