InternationalLatest

ബഹിരാകാശ താപനില ഉയര്‍ന്നു: സോയൂസ് പേടകത്തിലുള്ള ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതര്‍

“Manju”
 

മോസ്കോ : അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഘടിപ്പിച്ചിരിക്കുന്ന റഷ്യയുടെ സോയൂസ് കാപ്സൂളിനുള്ളിലെ താപനില ഉയര്‍ന്നെന്നും എന്നാല്‍ ബഹിരാകാശ സഞ്ചാരികള്‍ സുരക്ഷിതരാണെന്നും റഷ്യന്‍ സ്പേസ് ഏജന്‍സി റോസ്കോസ്മോസ് അറിയിച്ചു. സോയൂസില്‍ ബുധനാഴ്ച ചോര്‍ച്ച കണ്ടെത്തിയിരുന്നു. ഇത് വിലയിരുത്തിയ ശേഷമാണ് റോസ്കോസ്മോസ് ഇക്കാര്യമറിയിച്ചത്. സോയൂസ് എം.എസ് – 22 കാപ്സൂളിലെ ശീതീകരണ സംവിധാനത്തിലുണ്ടായ ചോര്‍ച്ചയാണ് താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ കാരണമായത്. ചോര്‍ച്ച മൂന്ന് മണിക്കൂറിനുള്ളില്‍ പരിഹരിച്ചിരുന്നു.

ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ റഷ്യന്‍ സഞ്ചാരികളായ സെര്‍ജി പ്രൊകോപീവ്, ഡിമിട്രി പെറ്റലിന്‍ എന്നിവരുടെ ബഹിരാകാശ നടത്തം മാറ്റിവച്ചിരുന്നു. താപനിലയിലെ വര്‍ദ്ധനവ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ലെന്നും റോസ്കോസ്മോസ് വ്യക്തമാക്കി. ചെറിയ ഉല്‍ക്ക ഇടിച്ചതാകാം ചോര്‍ച്ചയ്ക്ക് കാരണമെന്ന് കരുതുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് സോയൂസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. രണ്ട് റഷ്യന്‍ സഞ്ചാരികള്‍ക്കൊപ്പം നാസയയില്‍ നിന്നുള്ള ഫ്രാങ്ക് റൂബിയോയും സോയൂസിലുണ്ടായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കി മൂവരുമായി വരുന്ന മാര്‍ച്ചില്‍ സോയൂസിനെ ഭൂമിയിലേക്ക് മടക്കിയെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നിലവില്‍ ചോര്‍ച്ച കണ്ടെത്തിയ പശ്ചാത്തലത്തില്‍ സോയൂസ് സഞ്ചാരികളെ തിരികെയെത്തിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പിക്കാനുള്ള വിലയിരുത്തലുകള്‍ തുടരുകയാണ്.

യുക്രെയിനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം ബഹിരാകാശ മേഖലയില്‍ മാത്രമാണ് റഷ്യയുമായി യു.എസ് സഹകരണം തുടരുന്നത്. ആകെ ഏഴ് ബഹിരാകാശ സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്.

Related Articles

Back to top button