KeralaKottayamLatest

അന്ധതയുടെ താഴ് വാരത്തുനിന്നും പ്രകാശ ഗോപുരത്തിലേക്ക് നയിക്കാൻ അകക്കണ്ണുണ്ടാകണം – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കോട്ടയം: കണ്ണിന്റെ വില മനസ്സിലാക്കാനും കാഴ്ചയില്ലാത്തവര്‍ക്കും ലോകത്തിന്റെ സൗന്ദര്യം കാണുവാൻ അവസരമൊരുക്കണമെന്നും വിചാരിക്കുന്നതിന് അകക്കണ്ണുള്ളവര്‍ക്ക് മാത്രമെ സാധിക്കൂവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരരത്നം ജ്ഞാനതപസ്വി. സ്പര്‍ശനത്തിലൂടെയും ശബ്ദത്തിലൂടെയും മാത്രം തിരിച്ചറിയുന്നവര്‍ക്ക് ഈ ലോകത്തിന്റെ സൗന്ദര്യം കാണുവാൻ ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ മനുഷ്യസ്നേഹികളെന്നും, ജീവിതത്തിനും മരണത്തിനുമിടയ്ക്ക് ഉള്ള കാലത്ത് ആളുകള്‍ക്ക് സ്വര്‍ഗ്ഗം കടക്കുക എന്നതിനുള്ള ഏക മാര്‍ഗ്ഗമാണ് നേത്രദാനമെന്നും, തങ്ങളുടെ കാലശേഷം നമ്മുടെ കണ്ണുകളിലൂടെ ലോകം കാണാൻ മറ്റുള്ളവര്‍ക്കവസരം നല്‍കാം എന്ന് വിചാരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ കണ്ണുള്ളവരെന്നും സ്വാമി പറഞ്ഞു.. കോട്ടയം എം. വി. ആൻഡ്രൂസ് സ്മാരക നേത്രദാന സമിതിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. സമിതിയുടെ സഹായത്താൽ കാഴ്ച കിട്ടിയവരും കണ്ണുകൾ ദാനം ചെയ്തവരും അവരുടെ കുടുംബാംഗങ്ങളും നേത്രദാന സമ്മതപത്രം നൽകിയവരും സ്നേഹസംഗമത്തിൽ സംബന്ധിച്ചു.

എം. വി. ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി നേത്രദാന സ്നേഹസംഗമത്തില്‍ നിന്ന്

വെരി. റവ. ഡോ. റ്റി. എം. ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എം.വി ആൻഡ്രൂസിന്റെ സഹധർമ്മിണിയും കോട്ടയം എം.ഡി.എസ്. എല്‍.പി.എസ്. റിട്ട. അധ്യാപികയുമായ അമ്മിണി മാത്യു പുതിയ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചു. മെഡിക്കൽ കോളജ് നേത്രവിഭാഗം മേധാവി ഡോ. എൻ. വിജയമ്മ നേത്രദാനത്തെക്കുറിച്ച് ക്ലാസെടുത്തു. കോട്ടയം താജ് ജുമാ മസ്ജിദ് ചീഫ് ഇമാം എ.പി ശിഫാർ മൗലവി അൽ കൗസരി, മാർ ഏലിയാ കത്തീഡ്രൽ ഇടവക വികാരി ഫാ. വർഗീസ് സഖറിയാ എന്നിവർ ആശംസകളര്‍പ്പിച്ചു.

2007 ഓഗസ്റ്റ് 16-നാണ് അയ്മനം പി.ജെ.എം. യു.പി. സ്കൂൾ അധ്യാപകനായിരുന്ന മുട്ടമ്പലം ഇരവിനല്ലൂർ മുല്ലോത്ത് എം. വി. ആൻഡ്രൂസ് മരിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകൾ രണ്ടുപേർക്കായി ദാനം ചെയ്യുകയുണ്ടായി. അദ്ദേഹത്തിന്റെ 41-ാം ചരമദിനത്തിൽ രൂപംകൊടുത്തതാണ് എം.പി. ആന്‍ഡ്രൂസ് സ്മാരക സമിതി. മലയാള മനോരമ മുൻ ചീഫ് എഡിറ്റർ കെ. എം. മാത്യുവാണ് സമിതി ഉദ്ഘാടനം ചെയ്തത്. 121 പേർ ഉദ്ഘാടനവേളയിൽ കണ്ണുകൾ ദാനം ചെയ്യുവാൻ ഒപ്പുവച്ചു. സമിതി മുഖേന 74 പേർക്ക് ഇതിനോടകം കാഴ്ച നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. മരണാനന്തരം ബന്ധുക്കൾ സമിതിയെ സമീപിച്ചാൽ അവരുടെ നേത്രദാനത്തിന് നടപടികൾ ചെയ്തു കൊടുക്കുന്നതാണെന്ന് സെക്രട്ടറി മോൻസി എം. ആൻഡ്രൂസ് അറിയിച്ചു.

മോൻസി എം ആൻഡ്രൂസ്
സെക്രട്ടറി
എം.വി. ആൻഡ്രൂസ് സ്മാരക നേത്രദാന സമിതി : 98473 14343
moncymandrews @gmail.com

Related Articles

Back to top button