ArticleKeralaKozhikodeLatest

ഏവരുടേയും അമ്മ

ഇന്ന് ദിവംഗതയായ ചക്കോരത്തുകുംളം പെരുമ്പിലിശ്ശേരിയില്‍ പത്മിനി അമ്മയെ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുസ്മരിക്കുന്നു.

“Manju”


കോഴിക്കോടുള്ള ശാന്തിഗിരി പരമ്പരയിലെ ആത്മബന്ധുക്കളെല്ലാം അമ്മ എന്ന് വിളിച്ചിരുന്ന ചക്കോരത്തുകുംളം പെരുമ്പിലിശ്ശേരിയില്‍ പത്മിനി അമ്മ ഇന്ന്  ഡിസംബർ 18 ഞായറാഴ്ച ദിവംഗതയായി. അമ്മയുടെ യഥാർത്ഥ പേര് അവരിൽ പലർക്കും അറിയില്ലായിരുന്നു. അമ്മ എന്ന് തന്നെ ഏവരും വിളിച്ചു. എനിക്കും ഏറെ അടുപ്പമുണ്ടായിരുന്ന ഒരമ്മയായിരുന്നു. ഗുരു അമ്മയെ കോഴിക്കോടമ്മ എന്നാണ് വിളിച്ചിരുന്നത്.

കോഴിക്കോടത്തെ പ്രമുഖ പച്ചമരുന്ന് വ്യാപാരിയായ പി.കൃഷ്ണന്റെ സഹധർമ്മിണിയാണ് അമ്മ. ചെറിയ രീതിയിൽ കച്ചവടം തുടങ്ങിയ പി.കൃഷ്ണൻ പിന്നീട് വ്യാപാര രംഗത്തെ വലിയ സാന്നിധ്യമായി മാറി. പി.കൃഷ്ണൻ & സൺസ് എന്ന പേരിൽ ആ സ്ഥാപനം നല്ല രീതിയിൽ ഇപ്പോഴും പ്രവർത്തിച്ചു പോരുന്നു.

1994-ലാണ് അമ്മയും കുടുംബവും ആശ്രമത്തിലെത്തിയത്. അവരുടെ ഒരു ബന്ധുവായ വാസുവേട്ടൻ (വാസുദേവൻ) പറഞ്ഞ പ്രകാരമാണ് അമ്മ ആശ്രമത്തിലെത്തിയത്. അതിനുമുമ്പ് അമ്മയ്ക്ക് തിരുവനന്തപുരത്ത് തന്നെയുളള മറ്റൊരു ആശ്രമവുമായി ബന്ധമുണ്ടായിരുന്നു. ആ കാലത്ത് അമ്മ സമീപപ്രദേശത്തുള്ള ഒരു സ്ത്രീയുടെ നിർദ്ദേശപ്രകാരമുള്ള ഒരു നാമമന്ത്രമാണ് ഉപയോഗിച്ചിരുന്നത്. ഗുരുവിനോട് ഇക്കാര്യം സൂചിപ്പിച്ചപ്പോൾ തൽക്കാലം അത് ചൊല്ലുന്നത് തുടരാൻ പറയുകയും ആ ആചാര്യന് അമ്മ ഇവിടെയെത്തിയതിലൂടെ മോക്ഷം ലഭിക്കുമെന്ന് പറയുകയും ചെയ്തു. കുറച്ചു നാളിന് ശേഷം അമ്മ ഗുരുവിന്റെ അഖണ്ഡനാമം ജപിച്ച് തുടങ്ങി.

കോഴിക്കോടുള്ള ശാന്തിഗിരി പ്രസ്ഥാനത്തിന്റെ തുടക്കം കുറിക്കുന്നത് അമ്മയും കൂടിച്ചേർന്നാണ്. അഭിവന്ദ്യ ശിഷ്യപൂജിത അറിയിച്ച പ്രകാരം അമ്മയെക്കൊണ്ടാണ് നിലവിലെ ആശ്രമസ്ഥലം വാങ്ങാൻ അഡ്വാൻസ് നൽകിയത്. ആ സ്ഥലം കിട്ടാൻ സാധ്യതയില്ലാത്ത ഒന്നായിരുന്നു. ഉടമസ്ഥർക്ക് അത് തരാനും വലിയ താല്പര്യം ഇല്ലായിരുന്നു. പക്ഷേ അമ്മ ചെന്നപ്പോൾ അവർക്ക് നിരസിക്കാൻ തോന്നിയില്ല. അങ്ങനെയാണ് ആ സ്ഥലം ആശ്രമത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്.

എല്ലാ ആഴ്ചയും അമ്മ ആ സ്ഥലത്ത് എത്തുമായിരുന്നു. അവിടെ ഒരു ആശ്രമം വരണമെന്നും ഗുരുവിന്റെ പ്രാർത്ഥന കേൾക്കണമെന്നും അമ്മ ഏറെ ആഗ്രഹിച്ചിരുന്നു. കോഴിക്കോട് ആശ്രമത്തിലെ നിലവിലുള്ള താൽക്കാലിക പ്രാർത്ഥനാലയം ചെയ്ത് സമർപ്പിച്ചത് അമ്മയും കുടുംബവുമാണ്. പ്രാർത്ഥനാലയത്തിൽ ഒരു മണി സമർപ്പിച്ച ശേഷം അവിടെ ആരാധന നടന്ന് ഈ മണിനാദം മുഴങ്ങണമെന്ന് അമ്മ ആഗ്രഹിച്ചു. ആ ആഗ്രഹം ഏതാനും നാളുകൾക്കകം തന്നെ നടക്കുകയും ചെയ്തു.

കോഴിക്കോട് ആശ്രമത്തിൽ ഇന്നുള്ള പവിഴമല്ലി ഉൾപ്പെടെ നിരവധി ചെടികൾ അമ്മയാണ് നട്ടുപിടിപ്പിച്ചത്. അവിടത്തെ സുഖം തരും പുടവയുടെ പ്രവർത്തനങ്ങളിലും അമ്മ സജീവമായിരുന്നു. ഗുരുനിർദ്ദേശപ്രകാരം സ്ത്രീകൾ ആരംഭിച്ച കൊപ്ര സംസ്ക്കരണ സൊസൈറ്റിയുടെയും നെടുംതൂൺ അമ്മയായിരുന്നു.

1996-ൽ ഗുരു ഇവരുടെ വീട് സന്ദർശിച്ച് ഗൃഹപ്രവേശന കർമം നിർവഹിച്ചു. അവിടെ മകൻ ലോഹിതാക്ഷനാണ് താമസിക്കുന്നത്. ഒരാഴ്ചയോളം ഗുരു അവിടെ താമസിച്ചു. അഭിവന്ദ്യ ശിഷ്യപൂജിതയും അവിടെ താമസിച്ചിട്ടുണ്ട്. ഒരു തീർത്ഥയാത്ര സമയത്ത് അഭിവന്ദ്യ ശിഷ്യപൂജിതക്ക് ശാരീരികാസ്വസ്ഥത വന്നപ്പോൾ തങ്ങിയത് അമ്മയുടെ മറ്റൊരു മകനായ പുരുഷേട്ടന്റെ വീട്ടിലാണ്.

വളരെ ദാനധർമ്മിഷ്ഠ ആയിരുന്നു അമ്മ. ബന്ധുജനങ്ങളെയെല്ലാം കൈയഴിച്ച് സഹായിക്കും. വളരെ ശാന്തവും സൗമ്യമായതുമായ സ്വഭാവം. നല്ലൊരു ഭക്തയാണ്. ആശ്രമത്തിലെ പ്രാർത്ഥനാലയത്തിന്റെ ശിലാസ്ഥാപന സമയത്ത് തന്റെ ആഭരണങ്ങൾ ഊരി അമ്മ ഗുരുവിന് സമർപ്പിക്കുകയുണ്ടായി. ആ ജീവിതം തന്നെ ഒരു സമർപ്പണമായിരുന്നു. വളരെ ധന്യമായ, പ്രസ്ഥാനവുമായി ഇഴചേർന്ന ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അമ്മയുടെ ദേഹവിയോഗത്തിൽ എന്റെ ഹൃദയംഗമമായ പ്രാർത്ഥന അറിയിക്കുന്നു.

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ജനറൽ സെക്രട്ടറി, ശാന്തിഗിരി ആശ്രമം

Related Articles

Back to top button