KeralaLatest

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു

“Manju”

തിരുവനന്തപുരം ജില്ലയിൽ 12 കേന്ദ്രങ്ങളിലായി നടന്നു വന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾ സമാപിച്ചു. 1286 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തത്.
ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. പ്രോഗ്രാമിങ് സോഫ്റ്റ് വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ ലഹരിയുടെ പിടിയിൽ പെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടിൽ എത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം തയാറാക്കി. ലഘു കഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകൾ ഓപ്പൺടൂൺസ് എന്ന സോഫ്റ്റ് വെയറിൽ ആനിമേഷൻ വിഭാഗത്തിലെ കുട്ടികളും തയാറാക്കി. പൂർണമായും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും നടത്തിയത്. കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് ക്യാമ്പംഗങ്ങളുമായി ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ഓൺലൈനായി ആശയ വിനിമയം നടത്തിയിരുന്നു.

ജില്ലയിൽ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പാറശാല, ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര, പി.കെ.എച്ച്.എസ്.എസ്. കാഞ്ഞിരംകുളം, പി.ആർ.ഡബ്ല്യൂ എച്ച്.എസ്.എസ്. കാട്ടാക്കട, ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് കോട്ടൺഹിൽ, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് കന്യാകുളങ്ങര, ഗവൺമെന്റ് എച്ച്.എസ്.എസ് കഴക്കൂട്ടം, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ, എസ്.കെ.വി.എച്ച്.എസ് നന്ദിയോട്, എം ആർ എം കെ എം എം എച്ച് എസ് എസ് ഇടവ, ഗവൺമെന്റ് എച്ച്.എസ്.എസ് കിളിമാനൂർ, ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. നെടുമങ്ങാട് എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടന്നത്.

ഉപജില്ലാ ക്യാമ്പിലെ പ്രവർത്തന മികവിന്റെയടിസ്ഥാനത്തിൽ റവന്യൂ ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് റോബോട്ടിക്‌സിലും ബ്ലെന്റർ സോഫ്റ്റ് വെയറിലും പരിശീലനം നൽകും.

Related Articles

Back to top button