KeralaLatest

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് കലോത്സവം

“Manju”

കോഴിക്കോട് : 61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യവേദിയായ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്താണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. എണ്ണംകൊണ്ട് 61 ആണെങ്കിലും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഐക്യകേരളത്തിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാറുന്ന കാലത്തിന്റെ കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജയിക്കല്‍ അല്ല പങ്കെടുക്കലാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവം വൈവിധ്യങ്ങളുടെ പരിച്ഛേദമാണ്. അന്യം നിന്നു പോകുന്ന കലകള്‍ സംരക്ഷിക്കാന്‍ മേളയ്ക്ക് കഴിയും. വാണിജ്യവത്കരണത്തില്‍ കലകളുടെ പല മൂല്യങ്ങളും ഇല്ലാതായി. ജാതിക്കും മതത്തിനും അതീതമാണ് കല. കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് മാതൃകയാവണം. സ്‌നേഹം കൊണ്ട് എല്ലാവരെയും ഒരുമിപ്പിക്കണമെന്നും കലയെ കാരുണ്യത്തിനുള്ള ഉപാധിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രക്ഷിതാക്കള്‍ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നെന്ന് പരാതി ഉയര്‍ന്നു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പ്രകടനത്തില്‍ സന്തോഷിക്കാനാണ് രക്ഷിതാക്കള്‍ക്ക് കഴിയേണ്ടത്. കുട്ടികള്‍ അവരുടെ സര്‍ഗ്ഗവാസനകള്‍ അവതരിപ്പിക്കട്ടെ. അത് കണ്ട് രക്ഷിതാക്കളുടെ മനം കുളിര്‍ക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയുടെ കാലത്ത് നിയന്ത്രണങ്ങളോടും കൂടിയാണ് എല്ലാ കൂട്ടായ്മകളും അരങ്ങേറിയത്. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മടങ്ങി വരവിന്റെ തുടക്കമാവട്ടെ ഈ മേളയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button