IndiaLatest

‘ദ എറ്റേണൽ കപ്പിൾ’ വൈറലായി കരിമ്പുലിയും ഇണയായ പുള്ളിപ്പുലിയും

“Manju”

കരിമ്പുലി എന്നു കേൾക്കുമ്പോൾ ഒട്ടുമിക്ക ആളുകൾക്കും ഓർമവരിക പ്രശസ്തമായ ജംഗിൾ ബുക്കിലെ ബഗീരയേയാകും. എന്നാൽ അടുത്തിടെ ഇത്തരത്തിൽ ഒരു കരിമ്പുലിയുടെയും അതിന്റെ ഇണയായ പുള്ളിപുലിയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ദേശീയ മാധ്യമങ്ങളിലടക്കം വാർത്തയാകുകയും ചെയ്തിരുന്നു. ചിത്രം വൈറലായതോടെ ഇത് പകർത്തിയതാരെന്ന് സോഷ്യൽ മീഡിയയിൽ അന്വേഷണങ്ങളും നടന്നു.

ചിത്രത്തിന്റെ ക്രെഡിറ്റിന്റെ പേരിൽ ചില വിവാദങ്ങളും ഉണ്ടായി. പെട്ടെന്നു തന്നെ അവ കെട്ടടങ്ങുകയും ചെയ്തു.ബെംഗളൂരു സ്വദേശിയായ 31-കാരൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മിഥുൻ. എച്ച് ആണ് സായ എന്ന ഈ കരിമ്പുലിയേയും ക്ലിയോപാട്ര എന്നു പേരുള്ള അവന്റെ കൂട്ടുകാരി പുള്ളിപുലിയേയും തന്റെ നിക്കോൺ ഡി5 ക്യാമറയിൽ പകർത്തിയത്. വൈറലായ ആ ചിത്രത്തിന് മിഥുൻ നൽകിയ പേരാണ് ‘ദ എറ്റേണൽ കപ്പിൾ’

11 വർഷത്തിലേറെയായി വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എന്നത് മിഥുന്റെ ജീവവായുവാണ്. നാഷണൽ ജോഗ്രഫിക് ചാനലിനായി ദ റിയൽ ബ്ലാക്ക് പാന്തർ എന്ന പരിപാടിക്ക് വേണ്ടിയുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനിടെ കബിനി വനത്തിൽ നിന്നാണ് മിഥുന്റെ ക്യാമറയ്ക്ക് മുന്നിലേക്ക് സായയും ക്ലിയോപാട്രയും എത്തുന്നത്.

ജീവിതത്തിൽ ഇനിയങ്ങോട്ടുള്ള ഓരോ ദിവസവും ഒന്ന് കണ്ണടച്ചാൽ ആ നിമിഷം എനിക്ക് വീണ്ടും കാണാൻ സാധിക്കും. ഒരാൾക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം. തീർച്ചയായും ഒരുപാട് നേരത്തെ കാത്തിരിപ്പും ക്ഷമയും ആ ചിത്രത്തിനു പിന്നിലുണ്ട്. ഒരു ദിവസം ഇരുവരും ഇണ ചേരുന്ന ശബ്ദം കേട്ടിരുന്നു. അതോടെ ആറു ദിവസത്തോളം അതേ സ്ഥലത്ത് തന്നെ കാത്തിരുന്നു. അന്ന് അവ വളരെ അടുത്തുണ്ടെന്ന് ബോധ്യമായെങ്കിലും കാട് കാഴ്ച പരിമിതപ്പെടുത്തിയതിനാൽ അവയെ കാണാൻ സാധിച്ചില്ല.

അവർ വലിയൊരു ഇരയെ കൊന്നിരുന്നു. അത് തീരാതെ ഇനി മറ്റൊരിടത്തേക്ക് അവർ മാറില്ലെന്ന് മനസിലായി. വർഷങ്ങളായി കരിമ്പുലികളെ പിന്തുടർന്നതിൽ നിന്ന് ലഭിച്ച അനുഭവസമ്പത്ത് അവിടെയാണ് എന്നെ തുണച്ചത്. അവന്റെ (സായ) പ്രിയപ്പെട്ട പാതകളിലൊന്നിനടുത്ത് കാത്തിരിക്കേണ്ട കാര്യമേ എനിക്കുണ്ടായിരുന്നുള്ളൂ. കാരണം അതായിരുന്നു അവന്റെ അധീനതയിലുള്ള പ്രദേശത്തിന്റെ അതിർത്തി. അങ്ങനെ ആറു ദിവസത്തിനു ശേഷം അവൻ അവിടെയെത്തി. കൂടെ ക്ലിയോപാട്രയും. ഏറെ ഫലപ്രദമായ ഒരു കാത്തിരിപ്പായിരുന്നു അത്. അത്രമൊരു നിമിഷത്തിനായി ആറു വർഷം വേണമെങ്കിലും ഞാൻ കാത്തിരിക്കുമായിരുന്നു. 2019-ലെ ശൈത്യകാലത്താണ് എന്റെ നിക്കോൺ ഡി5 ഉപയോഗിച്ച് ഞാനാ ചിത്രം പകർത്തിയത്.

സായ എന്നാൽ ഹിന്ദിയിൽ നിഴൽ എന്നാണർഥം. കരിമ്പുലി നടന്നുപോകുന്നത് കണ്ടവർക്കറിയാം കാടിനുള്ളിലൂടെ ഒരു നിഴൽ സഞ്ചരിക്കുന്നതു പോലെയാണ് തോന്നുക. അത് സായയുടെ പേരിനെ ശരിവെക്കുന്നു. സുന്ദരിയായ ഈജിപ്ഷ്യൻ രാജ്ഞിയാണ് ക്ലിയോപാട്ര. നമ്മുടെ ഈ പുള്ളിപ്പുലി രാജകീയ ഭാവത്തിൽ മരത്തിനു മുകളിൽ കഴിയാൻ ഇഷ്ടപ്പെടുന്നവളും. അതിനാലാണ് ആ പേര്.

Related Articles

Back to top button