KeralaLatest

കൊല്ലത്ത് തീരദേശ ഹൈവേ പദ്ധതിക്ക് വേഗതയേറി

“Manju”

കൊല്ലം; ജില്ലയില്‍ തീരദേശ ഹൈവേ പദ്ധതി അതിവേഗം മുന്നേറുന്നു. ഭൂമി ഏറ്റെടുക്കലിനുള്ള കല്ലിടല്‍ പുരോഗമിക്കുകയാണ്. ആകെ മൂന്ന് സ്ട്രെച്ചിലായി 10 കിലോമീറ്ററില്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചു. പൊഴിക്കര, തിരുമുല്ലവാരം എന്നിവിടങ്ങളില്‍നിന്ന് വടക്കോട്ടാണ് ഇതുവരെ കല്ലിട്ടത്. ജില്ലയില്‍ 51 കിലോമീറ്ററാണ് തീരദേശ ഹൈവേ. ഇതില്‍ ശക്തികുളങ്ങര മുതല്‍ ഇടപ്പള്ളിക്കോട്ട വരെയുള്ള 9.5 കിലോമീറ്റര്‍ ദേശീയപാതയിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ശേഷിച്ച 41.5കിലോ മീറ്ററിലാണ് നിര്‍മാണം.

ഹൈവേയുടെ വിശദ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ നാറ്റ്പാക്കിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലെ ഡിപിആറാണ് നാറ്റ്പാക്ക് നടത്തുന്നത്. 2026നു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 14 മീറ്റര്‍ വീതിയിലാണ് തീരദേശ പാത നിര്‍മിക്കുന്നത്.

മൂന്നു റീച്ചായാണ് നിര്‍മാണം. കാപ്പില്‍ മുതല്‍ തങ്കശേരി വരെ നീളുന്ന ഒന്നാമത്തെ റീച്ചില്‍ 62.61 ഏക്കറും തങ്കശേരി മുതല്‍ ശക്തികുളങ്ങര വരെ രണ്ടാമത്തെ റീച്ചില്‍ 20 ഏക്കറും ഇടപ്പള്ളിക്കോട്ട മുതല്‍ അഴീക്കല്‍ പണിക്കര്‍കടവ് വരെ മൂന്നാമത്തെ റീച്ചില്‍ 56.98 ഏക്കറുമാണ് ഏറ്റെടുക്കുന്നത്. പരവൂര്‍ കാപ്പില്‍ മുതല്‍ കരുനാഗപ്പള്ളി അഴീക്കല്‍ പണിക്കര്‍കടവ് വരെ 51 കിലോമീറ്റര്‍ ദൂരത്തില്‍ തീരദേശ ഹൈവേ യാഥാര്‍ഥ്യമാക്കാന്‍ 139.59 ഏക്കറാണ് ഏറ്റെടുക്കുന്നത്.

ശക്തികുളങ്ങര മുതല്‍ ഇടപ്പള്ളിക്കോട്ടവരെയുള്ള ഒന്‍പതു കിലോമീറ്റര്‍ ദേശീയപാത അതോറിറ്റിയും ബാക്കി വരുന്ന 41.5 കിലോമീറ്റര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡു (കെആര്‍എഫ്ബി)മാണ് നിര്‍മിക്കുന്നത്. തീരദേശ ഹൈവേ യാഥാര്‍ഥ്യമാകുന്നതോടെ ദേശീയപാത 66ലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. തിരുവനന്തപുരം പൊഴിയൂര്‍ മുതല്‍ കാസര്‍കോട് തലപ്പാടിയില്‍ അവസാനിക്കുന്ന 623 കിലോമീറ്റര്‍ തീരദേശ ഹൈവേ നിര്‍മാണം ടൂറിസം വികസനംകൂടി ലക്ഷ്യമാക്കുന്നു.

സൈക്കിള്‍ ട്രാക്ക്, വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്, റസ്റ്റോറന്റ് എന്നിവയും ഉണ്ടാകും. തങ്കശേരി മുതല്‍ തിരുമുല്ലവാരം വരെയുള്ള കടല്‍പ്പാലവും തീരദേശ ഹൈവേയെ അതിമനോഹരമാക്കും. ഓരോ 50 കിലോമീറ്റര്‍ ഇടവിട്ട് ആകെ 12 ഇടത്ത് പ്രത്യേക ടൂറിസം കേന്ദ്രങ്ങളും സജ്ജമാക്കും.

Related Articles

Back to top button