
ഡറാഡൂണ്‍ : ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ക്കും പവലിയനുകള്‍ക്കും ക്രിക്കറ്റ് താരങ്ങളുടെ പേരിടുന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല.
എന്നാല്‍ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ ഒരാള്‍ ഒരു ഫസ്റ്റ്ക്ലാസ്സ് മത്സരം കളിക്കാനിറങ്ങുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വ്വതയാണ്. ബംഗാളിന്റെ നായകനായ ഇന്ത്യന്‍ താരം അഭിമന്യൂ ഈശ്വരന് ഇന്ന് രഞ്ജിട്രോഫിയില്‍ ഉത്തരാഖണ്ഡിന് എതിരേ അഭിമാനത്തോടെയാകും കളിക്കാനിറങ്ങുക.
പിതാവ് 59 കാരന് രംഗനാഥന് പരമേശ്വരന് തന്റെ പേരില്‍ നിര്‍മ്മിച്ച അഭിമന്യൂ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിലാണ് തന്റെ ടീമിനെ നയിക്കാനിറങ്ങുന്നത്. ജനുവരി 3 നാണ് രഞ്ജിട്രോഫിയിലെ ബംഗാള്‍ ഉത്തരാഖണ്ഡ് മത്സരം. ഗ്രൂപ്പ് ബി യിലാണ് ബംഗാളും ഉത്തരാഖണ്ഡും തമ്മില്‍ ഏറ്റുമുട്ടുന്നത്. അടുത്തിടെ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമില്‍ കളിച്ചതാരമാണ് 27 കാരന് അഭിമന്യൂ.
മകനെ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന താരമാക്കണമെന്ന സ്വപ്നം സഫലമാക്കാന്‍ കഠിനാദ്ധ്വാനം ചെയ്തയാളാണ് രംഗനാഥന്. മകന് പരിശീലനം നടത്താന്‍ ട്രെയിനിംഗ് ട്രാക്ക് ഒരുക്കിയ 2005 മുതലാണ് രംഗനാഥന് പണി തുടങ്ങിയത്. താന്‍ പണിത സ്റ്റേഡിയത്തില്‍ മകന് കളിക്കുന്ന കാണാനുള്ള ആകാംഷയിലാണ് പിതാവ് രംഗനാഥന്. അതേസമയം മകന് രഞ്ജിയില്‍ കളിക്കുന്നതല്ല പ്രധാനം അവന് ഇന്ത്യന്‍ ടീമില്‍ 100 മത്സരങ്ങള്‍ കളിക്കുന്നതാണ് കാര്യമെന്നും രംഗനാഥന് പറയുന്നു. ഇതേ ആകാംഷയിലാണ് അഭിമന്യൂവും. ഈ മൈതാനം തനിക്ക് ഗൃഹാതുരത ഉണര്‍ത്തുന്നുണ്ടെന്നും തന്നെ കളിക്കാരനാക്കാനുള്ള പിതാവിന്റെ കഷ്ടപ്പാടിന്റെ ഓര്‍മ്മകള്‍ അതിലുണ്ടെന്നും അഭിമന്യൂ പറയുന്നു.
ജിംനേഷ്യം, നീന്തല്‍കുളം, 60 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഹോസ്റ്റല്‍ സൗകര്യം എന്നിവയെല്ലാം സ്റ്റേഡിയത്തിലുണ്ട്. ഇന്ത്യന്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇവിടെ പരിശീലനത്തിനായി എത്താറുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ വലിയ കളിക്കാര്‍ കെനിയയിലെയും കുവൈറ്റിലെയും രാജ്യന്തര താരങ്ങള്‍ എന്നിവരെല്ലാം ഇവിടെ പരിശീലനം നേടിയിട്ടുണ്ടെന്ന് ഈശ്വരന് പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രംഗനാഥന് ഈശ്വരന്് ഐസ്ക്രീമും പത്രവും വില്‍പ്പന നടത്തിയാണ് വിദ്യാഭ്യാസം ചെയ്തത്. ഇവിടെ വന്നിരിക്കുന്ന ക്രിക്കറ്റ് അക്കാദമി തന്റെ കഠിനാദ്ധ്വാനമാണെന്ന്് രംഗനാഥന് പറയുന്നു. മകന് ജനിക്കുന്നതിന് ഏഴു വര്‍ഷം മുമ്ബ് 1988 ലാണ് അഭിമന്യൂ ക്രിക്കറ്റ് അക്കാദമി തുടങ്ങിയത്. ഇതിനായി 2005 ല്‍ ഡറാഡൂണിലെ പുര്കുള് പ്രദേശത്ത് ഭൂമിയുടെ വലിയ ഭാഗം വാങ്ങി. 2006 ല്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. പിന്നീട് ബിസിസിഐ ഈ സ്റ്റേഡിയം ഏറ്റെടുക്കുകയും ആഭ്യന്തര മത്സരത്തിനായി നല്‍കുകയുമായിരുന്നു.