IndiaLatest

ഋഷഭ് പന്തിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലേയ്ക്ക് മാറ്റും

“Manju”

മുംബയ്: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മുംബയിലേയ്ക്ക് മാറ്റുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലാണ് ഋഷഭ് ഇപ്പോള്‍ ഉള്ളത്. ബി സി സി ഐ പാനല്‍ ഡോക്ടര്‍മാര്‍ ഋഷഭിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ വിലയിരുത്തും. കൂടാതെ ചികിത്സയ്ക്കായി വിദേശത്തേയ്ക്ക് മാറ്റുന്നത് ബോര്‍ഡ് പരിഗണിച്ചേക്കും. വലതുകാല്‍മുട്ടില്‍ ലിഗമെന്റിന് പൊട്ടലുള്ളതിനാലാണ് താരത്തിന് വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ളത്.

ഡിസംബര്‍ 30ന് പുലര്‍ച്ചെയാണ് ഋഷഭ് പന്തിന് അപകടം നടന്നത്. ഡല്‍ഹിഡെറാഡൂണ്‍ ഹൈവേയില്‍ ഹരിദ്വാര്‍ ജില്ലയില്‍ വച്ചായിരുന്നു അപകടം. കാര്‍ ഡിവൈഡറിലിടിച്ച്‌ മറുഭാഗത്തെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിലെ ചില്ലും തകര്‍ത്താണ് ഋഷഭിനെ പുറത്തെടുത്തത്. കാര്‍ പൂര്‍ണമായി കത്തി നശിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശുമായുള്ള പരമ്പര കഴിഞ്ഞ് ഡല്‍ഹിയില്‍ എത്തിയ ഋഷഭ്, സ്വദേശമായ ഉത്തരാഖണ്ഡിലെ റൂര്‍ക്കിയിലേക്ക് ഡ്രൈവ് ചെയ്തു പോവുന്ന വഴിയാണ് അപകടം. ഋഷഭ് പന്തിന്റെ നെറ്റിയിലും കാലിലും പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

ഋഷഭ് പന്തിന്റെ ചികിത്സകള്‍ ബി സി സി ഐയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. കുറഞ്ഞത് രണ്ട് മാസത്തേയ്ക്ക് മത്സരങ്ങളില്‍ നിന്ന് ഋഷഭിനെ മാറ്റി നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button