KeralaLatest

വീട്ടില്‍ വൈദ്യുതിയില്ല, ഇലക്‌ട്രിസിറ്റി ഓഫീസില്‍ പോയി മസാല പൊടിച്ച്‌ ഗൃഹനാഥന്‍

“Manju”

ശിവമോഗ (കര്‍ണ്ണാടക) : വൈദ്യുതി മുടക്കവും ലോഡ് ഷെഡ്ഡിംഗും നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. ഗ്രാമീണ ജനതയാണ് ഇതിന്റെ ദുരിതം ഏറെ അനുഭവിക്കുന്നത്.  പക്ഷേ, ഇവിടെ ഒരാള്‍ അതിനൊരു പരിഹാരം കണ്ടെത്തി, തികച്ചും വിചിത്രമായ ഒന്ന്. ശിവമോഗ ജില്ലയിലെ മാങ്കോട് ഗ്രാമവാസിയായ എം ഹനുമന്തപ്പ മിക്കവാറും എല്ലാ ദിവസവും അടുത്തുള്ള മെസ്‌കോം ഓഫീസില്‍ (വൈദ്യുതി ബോര്‍ഡ് ഓഫീസ്‌) എത്താറുണ്ട്.

മിക്സിയും ജാറും ഒന്നുരണ്ട് മൊബൈല്‍ ചാര്‍ജറുകളും പിടിച്ച്‌ അയാള്‍ ദിവസവും മെസ്‌കോം ഓഫീസില്‍ പോകുന്നത് കാണാന്‍ കഴിയും. ചിലപ്പോള്‍, ആരെങ്കിലും അയാളെ അവരുടെ വാഹനത്തില്‍ ലിഫ്റ്റ് നല്‍കാറുണ്ട്. അല്ലെങ്കില്‍ അയാള്‍ അവിടെ വരെ നടന്ന് പോയി, അവരുടെ വൈദ്യുതി ഉപയോഗിച്ച്‌ അന്നത്തെ ദിവസം സ്വന്തം അടുക്കളയില്‍ ആവശ്യമായ മസാല പൊടിക്കുന്നു. അയാള്‍ അവിടെ തന്റെ ഒന്നിലധികം ഫോണുകള്‍ ചാര്‍ജ് ചെയ്യുകയും എല്ലാ ഉപകരണങ്ങളുമായി മടങ്ങുകയും ചെയ്യുന്നു. ഇതെല്ലാം പകല്‍ വെളിച്ചത്തില്‍ നടക്കുന്നതിനാല്‍ ആ ഓഫീസില്‍ ഉള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതിനെ എതിര്‍ക്കുന്നില്ല.

ഇപ്പോള്‍ 10 മാസത്തോളമായി ഇത് തുടരുന്നു. തുടക്കത്തില്‍, ഹനുമന്തപ്പ മെസ്‌കോമിന് ഒരു അഭ്യര്‍ത്ഥന സമര്‍പ്പിച്ചു. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തന്റെ വീടിന് ശരിയായ വൈദ്യുതി വിതരണം ചെയ്യണമെന്ന് ചിന്തിക്കാന്‍ അതുകൊണ്ടു കഴിഞ്ഞേക്കും എന്നദ്ദേഹം കരുതി. നിലവില്‍, അദ്ദേഹത്തിന്റെ കുടുംബത്തിന് ഒരു ദിവസം പരമാവധി 3-4 മണിക്കൂര്‍ വൈദ്യുതി വിതരണം ആസ്വദിക്കാനാകും. മാസങ്ങള്‍ നീണ്ട അഭ്യര്‍ത്ഥനകളും വഴക്കുകളും തുടര്‍നടപടികളും ഒന്നും സഹായിച്ചില്ല. അയല്‍ക്കാര്‍ക്ക് വൈദ്യുതി ലഭിച്ചിട്ടും ഇദ്ദേഹത്തിന്റെ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ ഇരുട്ടില്‍ കഴിയുകയാണ്. പ്രദേശത്തെ ജനപ്രതിനിധിയോടും എം.എല്‍.എ.യോടും അഭ്യര്‍ഥിച്ചിട്ടും ഇതുവരെ ഒന്നും ഫലവത്തായില്ല.
ഇതെല്ലാം കണ്ട് മടുത്ത ഹനുമന്തപ്പ ഒരു ദിവസം മെസ്‌കോമിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ച്‌ അതിനെക്കുറിച്ച്‌ ചോദിച്ചു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമായി. “ഞങ്ങള്‍ മസാല പൊടിച്ച്‌ വീട്ടില്‍ ഭക്ഷണം പാകം ചെയ്യുമെന്നറിയാമോ? ഫോണുകള്‍ എങ്ങനെ ചാര്‍ജ് ചെയ്യണം? അതൊരു അടിസ്ഥാന ആവശ്യമാണ്. ഇവയ്‌ക്കായി എനിക്ക് എല്ലാ ദിവസവും എന്റെ അയല്‍വാസിയുടെ വീട്ടില്‍ കയറാന്‍ കഴിയില്ല, ” ഹനുമന്തപ്പ പറഞ്ഞു. “എങ്കില്‍ മെസ്‌കോം ഓഫീസില്‍ പോയി മസാല പൊടിക്കൂ,” എന്ന് ഉദ്യോഗസ്ഥന്‍ ദേഷ്യത്തോടെ പറഞ്ഞു. ഹനുമന്തപ്പ ആ ഉപദേശം വളരെ ഗൗരവത്തോടെ എടുത്തു! തുടര്‍ന്ന് അദ്ദേഹം മെസ്‌കോം ഓഫീസിലേക്കുള്ള തന്റെ ദൈനംദിന യാത്രകള്‍ ആരംഭിച്ചു. ഇത് അവരുടെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ പറഞ്ഞതിനാല്‍, മറ്റ് ജീവനക്കാര്‍ എതിര്‍ത്തില്ല.

ഇതേക്കുറിച്ച്‌ ചോദ്യം ചെയ്തപ്പോള്‍, കനത്ത മഴയെത്തുടര്‍ന്ന് ഐപി സെറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്ന് മെസ്‌കോമിലെ ജൂനിയര്‍ എഞ്ചിനീയര്‍ വിശ്വനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. മല്ലപ്പുര വിതരണ കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലൈന്‍ വലിച്ചാല്‍ ഹനുമന്തപ്പയ്ക്ക് താത്കാലിക വൈദ്യുതി ലഭിക്കും. ഹനുമന്തപ്പയുടെ വീടിന് ഒരു മാസത്തിനകം വൈദ്യുതി കണക്ഷന്‍ നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ഈ സംഭവം വെളിച്ചത്ത് വരികയും അദ്ദേഹത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തതോടെ മുതിര്‍ന്ന മെസ്‌കോം ഉദ്യോഗസ്ഥര്‍ വിഷയം കൈയിലെടുക്കുകയും പത്തോളം ജൂനിയര്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ആവശ്യത്തിനായി ഒരാള്‍ക്ക് സര്‍ക്കാര്‍ ഓഫീസ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ ഹനുമന്തപ്പയുടെ വീട്ടിലേക്ക് ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. എന്നാല്‍, മെസ്‌കോമിലേക്കുള്ള അദ്ദേഹത്തിന്റെ മിക്‌സി മസാല യാത്ര തല്‍ക്കാലം അവസാനിച്ചിരിക്കുന്നു.

Related Articles

Back to top button