
ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 19,744 കോടി രൂപ തുടക്കത്തില്‍ വകയിരുത്തും. 2030ഓടെ ഈ രംഗത്ത് പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ ഉല്‍പ്പാദനശേഷി കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. ഇതുവഴി ഫോസില്‍ ഇന്ധന ഇറക്കുമതിയില്‍ ലക്ഷം കോടി രൂപയുടെ കുറവ് വരുത്താമെന്നും കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം വന്‍തോതില്‍ ചുരുക്കാമെന്നും കണക്കാക്കുന്നു. എട്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പ്രതിവര്‍ഷം ഒഴിവാക്കാന്‍ കഴിയും.
മൊത്തം എട്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപവും ആറ് ലക്ഷം തൊഴിലവസരവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു––സ്വകാര്യ പങ്കാളിത്തത്തോടെ ഗവേഷണ––വികസന പദ്ധതികള്‍ ആവിഷ്കരിക്കും. ഹരിത ഹൈഡ്രജന്‍ ഇടനാഴികള്‍ക്ക് രൂപം നല്‍കും. പൈലറ്റ് പദ്ധതികള്‍ക്ക് 1,466 കോടി രൂപയും ഗവേഷണത്തിന് 400 കോടി രൂപയും ഇതര ഘടകങ്ങള്‍ക്ക് 388 കോടി രൂപയും ചെലവിടും.