
കൊല്ലം: പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് ആത്മബന്ധുക്കളുടെ സാന്നിധ്യത്തിൽ ശാന്തിഗിരി ആശ്രമം പോളയത്തോട് ശാഖയിൽ പ്രതിഷ്ഠാ കർമ്മം നടന്നു. രാവിലെ 11.30 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ചേർന്നാണ് പ്രതിഷ്ഠാകർമ്മം നിർവഹിച്ചത്.
പനിനീര്‍ പൂക്കളുടേയും ചന്ദനത്തിരികളുടേയും സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തില്‍ പഞ്ചാവാദ്യത്തിന്റെ അകമ്പടിയോടെ ഗുരുധർമ്മ പ്രകാശസഭ അംഗങ്ങളുടെയും വിവിധ ഏരിയകളിൽ നിന്നുളള ഗുരുഭക്തരുടേയും നാട്ടുകാരുടേയും പങ്കാളിത്തത്തോടെയാണ് ചടങ്ങുകൾ നടന്നത്. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിർമ്മോഹാത്മ ജ്ഞാനതപസ്വി, സ്വാമി നവകൃപ ജ്ഞാനതപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാനതപസ്വി, സ്വാമി മധുരനാദൻ ജ്ഞാനതപസ്വി, സ്വാമി സത്യചിത്ത് ജ്ഞാനതപസ്വി, വടക്കേവിള
വാർഡ് കൗൺസിലർ എസ്. ശ്രീദേവി അമ്മ , കൊല്ലം എസ്.എൻ.ഡി. പി യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ , ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ എ. മോഹൻദാസ് തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഉച്ചയ്ക്ക് അന്നദാനവും വൈകുന്നേരം ആരാധനയ്ക്ക് ശേഷം ദീപ പ്രദക്ഷിണവും നടക്കും.
തിരുവനന്തപുരത്തെ കേന്ദ്രാശ്രമത്തിലേതിനു സമാനമായി താമരയില്‍ ഓങ്കാരരൂപമാണ് പോളയത്തോട് ഉപാശ്രമത്തിലേയും പ്രതിഷ്ഠ. വരും ദിവസങ്ങളിൽ മൂന്ന് നേരം ആരാധനയും എല്ലാ മാസവും പൗര്‍ണ്ണമി ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പുഷ്പസമര്‍പ്പണവും നടക്കും.