Uncategorized

സിദ്ധദിനം: സ്വർണ്ണതിളക്കത്തിൽ ശാന്തിഗിരി സിദ്ധ കോളേജ്

“Manju”

തിരുച്ചിറപ്പളളി (ചെന്നൈ): ആറാമത് സിദ്ധദിനത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സിദ്ധ കോളേജായ പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന് സ്വർണ്ണത്തിളക്കം. സിദ്ധയിൽ ബിരുദം നേടിയശേഷം ബിരുദാനന്തര ബിരുദത്തിൽ എം.ജി.ആർ യൂണിവേഴ്സിറ്റിയിൽ നിന്നും ജനറൽ മെഡിസിനിൽ ഒന്നാം റാങ്ക് നേടിയ ഡോ.ശ്യാമരൂപ ജ്ഞാന തപസ്വിനി, പീഡിയാട്രിക്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.ഗീതശ്രീ ബാലാജി, യു.ജി വിഭാഗത്തിൽ കേരള ആരോഗ്യസർവകലാശാലയിൽ നിന്നും ബി.എസ്.എം.എസിന് ഒന്നാം റാങ്ക് നേടിയ സിൽക്കീന തോപ്പിൽ എന്നിവരാണ് ശാന്തിഗിരിക്ക് അഭിമാനാർഹമായ നേട്ടം സമ്മാനിച്ചത്. ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനി ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശസഭ അംഗമാണ്. ഡോ.ഗീതശ്രീ ബാലാജി ചെങ്കൽപ്പേട്ട് ഊരപ്പാക്കം ഗന്തശാൽ ജി ബാലാജി പ്രസാദിൻ്റേയും ഉഷാറാണി ബാലാജിയുടേയും മകളാണ്. സിൽക്കീന തോപ്പിൽ എറണാകുളം തോപ്പിൽ ഹൗസിൽ ശോഭ ആൻ്റണിയുടേയും ദിവംഗതനായ ആൻ്റണി തോപ്പിലിൻ്റേയും മകളാണ്.
സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ സിദ്ധ, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ, ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ മെഡിസിന്‍ & ഹോമിയോപ്പതി എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന സിദ്ധദിനാചരണത്തില്‍ കരുമണ്ഡപം എസ്.പി.എസ് മഹൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ സ്വർണ്ണമെഡലുകൾ റാങ്ക് ജേതാക്കൾക്ക് സമ്മാനിക്കും. ആയുഷ് സെക്രട്ടറി പത്മശ്രീ വൈദ്യ രാജേഷ് കൊട്ടേച്ച അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വനിത ശിശുക്ഷേമ വികസനം- ആയുഷ് വകുപ്പ് കേന്ദ്രസഹമന്ത്രി ഡോ.മുഞ്ചുപ്പറ മഹേന്ദ്രഭായി, തമിഴ്‌നാട് സംസ്ഥാന ആരോഗ്യ മന്ത്രി എം.എ. സുബ്രഹ്മണ്യൻ എന്നിവർ മുഖ്യാതിഥികളാകും. രാജ്യസഭ എം.പി. തിരുച്ചി ശിവ, ലോക് സഭ എം.പി എസ്.യു. തിരുനാവക്കരശർ, ആയുഷ് സ്പെഷ്യൽ സെക്രട്ടറി പ്രമോദ് കുമാർ പഥക്, തമിഴ്‌നാട് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.സെന്തിൽകുമാർ, ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ മെഡിസിൻ ആൻ്റ് ഹോമിയോപ്പതി ഡയറക്ടർ എസ്.ഗണേശ്, ജോയിൻ്റ ഡയറക്ടർ ഡോ.പി.പാർത്ഥിപൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഡയറക്ടർ പ്രൊഫ. ഡോ.ആർ. മീനാകുമാരി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. “ആരോഗ്യകരമായ ജീവിതത്തിന് സിദ്ധാഹാരവും പോഷകവും’ എന്നതാണ്, ഈ വർഷത്തെ പ്രമേയം. രാജ്യത്തെ മുഴുവൻ സിദ്ധ കോളേജുകളുടെ പ്രാതിനിധ്യവും ജനുവരി 8,9 തീയതികളിൽ നടക്കുന്ന ചടങ്ങിൽ ഉണ്ടാകും. ജനുവരി 9 ന് നടക്കുന്ന പ്ലീനറി വിഭാഗങ്ങളിൽ ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ്സ് റിസർച്ച് പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ.എം. ഇളങ്കോവൻ, തമിഴ്‌നാട് സംസ്ഥാന പ്ലാനിംഗ് കമ്മീഷൻ അംഗം ഡോ.ജി.ശിവരാമൻ, മൗറീഷ്യസിലെ നാഷണൽ ഫുഡ് കൺസൾട്ടൻ്റും സിദ്ധ എക്സ്പേർട്ടുമായ ഡോ.ജി.മധു കർത്തേശ് എന്നിവർ ക്ലാസുകൾ നയിക്കും. തമിഴ്‌നാടിനു പുറമെ കേരളത്തിൽ നിന്നുളള മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും സിദ്ധദിനാചരണം പരിപാടികളിൽ പങ്കെടുക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഡയറക്ടറുമായ ഡോ.ആർ.മീനാകുമാരി അറിയിച്ചു. സിദ്ധഗുരുക്കന്മാരിൽ പ്രധാനിയായ അഗസ്ത്യമുനിയുടെ ജന്മദിനമാണ് സിദ്ധദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ഇത്തവണ കേരളത്തിലും തമിഴനാട്ടിലും വിപുലമായ പരിപാടികളോടെയാണ് സിദ്ധദിനാചരണം സംഘടിപ്പിച്ചിടുളളത്.

Related Articles

Back to top button