Uncategorized

റെക്കോഡ് വില്‍പനയുമായി കലൂര്‍ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രം

“Manju”

ഗ്രാമീണ ഖാദി മേഖലയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ റെക്കോഡ് നേട്ടവുമായി കലൂരിലെ ഖാദി ഗ്രാമസൗഭാഗ്യ വിപണന കേന്ദ്രം. ഈ സാമ്പത്തിക വര്‍ഷം ഇതു വരെ 4.5 കോടി രൂപയാണ് ഖാദി ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെ കേന്ദ്രം കരസ്ഥമാക്കിയത്. സംസ്ഥാനത്ത് തന്നെ ഒരു ഖാദി വിപണന കേന്ദ്രത്തിനു ലഭിച്ചതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പന മൂല്യമാണിത്. കൂടുതല്‍ വിപണന മേളകള്‍ വഴി അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഒരു കോടി രൂപ കൂടി വില്‍പന സാധ്യമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കലൂര്‍ ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രം ജനറല്‍ മാനേജര്‍ ലതീഷ് കുമാര്‍ പറഞ്ഞു. ഖാദി ബോര്‍ഡില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഇന്ത്യക്കകത്ത് ഉല്‍പാദിപ്പിക്കുന്ന എല്ലാത്തരം ഖാദി ഉല്‍പന്നങ്ങളും ലഭ്യമാവും.

കലൂരിലെ വില്‍പന കേന്ദ്രത്തിനു പുറമെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിപണന മേളകളും കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജനുവരി ആദ്യ ആഴ്ച നടന്ന വിപണന മേളയില്‍ 2.8 ലക്ഷം രൂപയുടെ വില്‍പന നടന്നു. വരും ദിവസങ്ങളില്‍ കൊച്ചി, കണയന്നൂര്‍ താലൂക്ക് ഓഫീസ് പരിസരങ്ങളിലും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും ഖാദി വിപണന മേള സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വിവിധ തരം വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവയാണ് കേന്ദ്രത്തിലൂടെ പ്രധാനമായും വിറ്റഴിക്കുന്നത്. ഉത്സവ കാലങ്ങളില്‍ റിബേറ്റ് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം രണ്ട് തവണ കൂടി റിബേറ്റ് നിരക്കില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Check Also
Close
Back to top button