Uncategorized

മുന്‍ഗണന വോട്ട് ബാങ്കല്ല, വികസനമാണ്

“Manju”

ബംഗളൂരു: ബി.ജെ.പി സര്‍ക്കാരിന്റെ മുന്‍ഗണന വികസനമാണെന്നും വോട്ട് ബാങ്കല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകത്തിലെ യാദ്ഗിര്‍ ജില്ലയിലെ കൊടെകലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോദിയുടെ സന്ദര്‍ശനം.

കേന്ദ്രത്തിലും കര്‍ണാടകത്തിലും ബി. ജെ. പി ഭരിക്കുമ്പോള്‍ സര്‍ക്കാരിന് ഇരട്ട എന്‍ജിനുകള്‍ ഉള്ളതുപോലാണ്. അതിന്റെ ഫലമോ, ഇരട്ട ആനുകൂല്യം, ഇരട്ടി ക്ഷേമം, ഇരട്ടി വേഗത്തിലുള്ള വികസനം. ഇന്ത്യയുടെ വികസനത്തിന് 75 വര്‍ഷമായി. ഇപ്പോള്‍ രാജ്യം അടുത്ത 25 വര്‍ഷങ്ങളിലാണ് ശ്രദ്ധിക്കുന്നത്. ഈ കാലം ഓരോ പൗരനും അമൃത് കാലമായിരിക്കും. ഈ കാലയളവില്‍ വികസിത ഇന്ത്യ കെട്ടിപ്പടുക്കണം.

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ജീവിതം ലഭിക്കുമ്പോഴാണ് ഇന്ത്യ വികസിക്കുക. ജാതിയും മതവും വോട്ട് ബാങ്കും നോക്കിയാണ് മുന്‍ സര്‍ക്കാര്‍ ഭരിച്ചത്. ഞങ്ങളുടെ സര്‍ക്കാര്‍ പിന്നാക്ക ജില്ലകളുടെ വികസനത്തിന് പ്രതിജ്ഞാബദ്ധമാണ്. യാദ്ഗിര്‍ ഇപ്പോള്‍ രാജ്യത്തെ ഇത്തരം 112 ജില്ലകളില്‍ ആദ്യ പത്തില്‍ ഇടം നേടി. ഓരോ ജില്ലയും വികസിക്കാതെ ഇന്ത്യ വികസിത രാഷ്ട്രമാകില്ല. അടുത്ത 25 വര്‍ഷം ഇന്ത്യയുടെയും പിന്നാക്ക ജില്ലകളുടെയും അമൃത് കാലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയില്‍ കുടിവെള്ളവും ജലസേചനവും ദേശീയ പാതയും ഉള്‍പ്പെടെ 10,863 കോടി രൂപയുടെ പദ്ധതികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു. നദികള്‍ ബന്ധിപ്പിച്ച്‌ കര്‍ണാടകയിലുള്‍പ്പെടെ വരണ്ട പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2014ന് മുമ്പ് ഗ്രാമങ്ങളില്‍ മൂന്ന് കോടി വീടുകളില്‍ മാത്രമാണ് പൈപ്പ് കണക്ഷന്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ ജല്‍ ജീവന്‍ ദൗത്യത്തിലൂടെ ഈ സര്‍ക്കാര്‍ ഗ്രാമങ്ങളിലെ എട്ട് കോടി വീടുകള്‍ക്ക് കൂടുതല്‍ കണക്‌ഷന്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ മഹാരാഷ്‌ട്രയില്‍ മുംബയ് മെട്രോയുടെ രണ്ട് ലൈനുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button