Uncategorized

കേന്ദ്ര ബജറ്റ് 2023 : ഒട്ടേറെ പ്രതീക്ഷയില്‍ ബാങ്കുകളും

“Manju”

സമ്പദ് വ്യവസ്ഥയ്ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രതീക്ഷ നല്‍കുന്നതാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള ബിജെപി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് കൂടിയാണിത്.

ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സമ്മേളനം ആരംഭിക്കുക. ഈ വര്‍ഷം സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് ബജറ്റ് അവതരിപ്പിക്കുക. ജനുവരി 31- ന് സാമ്പത്തിക സര്‍വേയാണ് അവതരിപ്പിക്കുന്നത്. 2023- ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുളള ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ നവംബറില്‍ തന്നെ ധനമന്ത്രി തുടക്കമിട്ടിരുന്നു. വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരുമായി ഒട്ടനവധി കൂടിക്കാഴ്ചകള്‍ ഇതിനോടകം നിര്‍മ്മലാ സീതാരാമന്‍ നടത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ബജറ്റ് അവതരണം ഓണ്‍ലൈനായി പിഐബി (PIB), സന്‍സദ് ടിവി (Sansad TV) എന്നിവയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ കാണാന്‍ സാധിക്കും. കൂടാതെ, ദൂരദര്‍ശന്‍, സന്‍സദ് ടിവി ചാനല്‍ എന്നിവയില്‍ ലൈവ് ടിവി ടെലികാസ്റ്റും ഉണ്ടായിരിക്കുന്നതാണ്.

അതേസമയം, കേന്ദ്ര ബജറ്റിനെ ഉറ്റു നോക്കുന്ന ഒരു മേഖലയാണ് ബാങ്കിംഗ്. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള ബാങ്കുകളുടെ ലക്ഷ്യങ്ങളെ വിവേകപൂര്‍വ്വം പുനഃക്രമീകരിക്കുന്നതിനും അവ നടപ്പാക്കുന്നതിനും കേന്ദ്ര ബജറ്റിലെ നയങ്ങളും പ്രഖ്യാപനങ്ങളും ആണ് സഹായിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സുസ്ഥിരതയിലേക്ക് നയിക്കുന്നതിനും സുസ്ഥിരമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിനും കേന്ദ്ര ബജറ്റ് സഹായിക്കും. അതിനാല്‍, ബാങ്കുകളും 2023 ബജറ്റില്‍ നിന്നും ചിലതൊക്കെ പ്രതീക്ഷിക്കുന്നു.

കേന്ദ്ര ബജറ്റ് ആരോഗ്യം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഒപ്പം ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് ബാങ്കിംഗ് മേഖലയുടെ പ്രതീക്ഷ. മൂലധന നേട്ട നികുതി നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് ആദായനികുതി ഘടനയിലെ സങ്കീര്‍ണതകള്‍ കുറയ്ക്കുക, അവ കൂടുതല്‍ ലളിതമാക്കുക എന്നതാകും. പ്രത്യക്ഷ നികുതി സ്ലാബ് വര്‍ധനയുണ്ടാകാനും സാധ്യതയുണ്ട്.

മുന്‍ഗണയുള്ളവയെ മാറ്റി നിര്‍ത്തി ഇന്ധനം, വളം തുടങ്ങിയ സബ്സിഡികളുടെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നു. പുതിയ സാങ്കേതികവിദ്യയിലൂടെ സാമ്ബത്തിക ഉള്‍പ്പെടുത്തല്‍, പ്രവാസികള്‍ക്കായി ആധാറും പാസ്പോര്‍ട്ടും ബന്ധിപ്പിക്കുന്ന ഹാപ്പി കാര്‍ഡുകള്‍ അവതരിപ്പിക്കുന്നത്, ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് ഓഹരികള്‍ അല്ലെങ്കില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ മൂലധനം സമാഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നത് തുടങ്ങിയവയ്ക്കായി ബാങ്കിംഗ് മേഖലയ്ക്ക് സര്‍ക്കാര്‍ പ്രത്യേക പാക്കേജുകളും നടപടികളും മുന്നോട്ട്‌ വെയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ ബാധിച്ചേക്കാവുന്ന ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വെല്ലുവിളികളെ ചെറുക്കുന്നതിന് കൂടുതല്‍ വിഹിതം അനുവദിക്കുമെന്നും മേഖല പ്രതീക്ഷിക്കുന്നു. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. നിഷ്‌ക്രിയ ആസ്തികളുടെ കാര്യത്തില്‍ വേഗത്തില്‍ വീണ്ടെടുക്കാനുള്ള നിയമസംവിധാനം ശക്തിപ്പെടുത്തുന്നത് നല്ല നടപടിയായിരിക്കും. ഇങ്ങനെ ഒട്ടേറെ പ്രതീക്ഷകളാണ് ബാങ്കിംഗ് മേഖലയ്ക്ക് 2023-ലെ ബജറ്റിനെ കുറിച്ചുള്ളത്.

Related Articles

Back to top button