Uncategorized
ഇന്‍കോവാക് വാക്‌സീന്‍ രണ്ടാഴ്ചയ്ക്കകം ആശുപത്രികളില്‍

ന്യൂഡൽഹി ; ഭാരത് ബയോടെക്കിന്റെ ഇൻട്രാ നേസൽ (മൂക്കിലൂടെ നൽകുന്നത്) കോവിഡ് വാക്സീനായ ‘ഇൻകോവാക്’ ഫെബ്രുവരി പത്തോടെ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകും. എന്നാൽ, സർക്കാർ ആശുപത്രികളിൽ വൈകും. സ്വകാര്യ ആശുപത്രികളിൽ ഡോസ് ഒന്നിന് 800 രൂപയും സർക്കാർ ആശുപത്രികളിൽ 325 രൂപയുമാണു നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ മൻസൂഖ് മാണ്ഡവ്യയും ജിതേന്ദർ സിങ്ങും ചേർന്ന് റിപ്പബ്ലിക് ദിനത്തിൽ ഇൻകോവാക് പുറത്തിറക്കി.
നേസൽ വാക്സീൻ 18 വയസ്സിനു മുകളിലുള്ളവർക്കു നൽകാനാണ് അനുമതി. മറ്റു വാക്സീന്റെ ആദ്യ 2 ഡോസുകളെടുത്തവർക്ക പ്രാഥമിക ഡോസായും (ആകെ 2 ഡോസ്) ഇതു സ്വീകരിക്കാം. ആശുപത്രികളിലെ ലഭ്യതയുടെ കൂടി അടിസ്ഥാനത്തിൽ നേസൽ വാക്സീനു വേണ്ടിയുള്ള റജിസ്ട്രേഷന് കോവിൻ ആപ്പിൽ സൗകര്യമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
മൂക്കിലൂടെ തുള്ളിയായിട്ടാണ് ഇൻകോവാക് നൽകുന്നത്. റഫ്രിജറേറ്റർ തണുപ്പിൽ സൂക്ഷിക്കാവുന്ന വാക്സീൻ ഓരോ ഡോസിലും 8 തുള്ളിയുണ്ട് (5 മില്ലിലീറ്റർ); ഓരോ നാസാദ്വാരത്തിലും 4 തുള്ളി വീതം. മൂന്നു ഘട്ടങ്ങളിലായി 3000 പേരിൽ ട്രയൽ നടത്തിയ വാക്സീന് മികച്ച ഫലപ്രാപ്തി കമ്പനി അവകാശപ്പെടുന്നെങ്കിലും ഡേറ്റ പ്രസിദ്ധീകരിച്ചിട്ടില്ല.