ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്ക് കൂടും

ഡല്‍ഹി: ടിവി ചാനലുകളുടെ പുതിയ നിരക്ക് സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ഉത്തരവ് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഡിടിഎച്ച്, കേബിള്‍ ടിവി നിരക്കുകള്‍ 30 ശതമാനം വര്‍ദ്ധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, നിരക്ക് വര്‍ദ്ധന ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ഇത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഫെബ്രുവരി 8ന് കേരള ഹൈക്കോടതി അന്തിമ വാദം കേള്‍ക്കും.
ഉപഭോക്തൃ സൗഹൃദ പരിഹാരം കണ്ടെത്തുന്നതുവരെ വര്‍ദ്ധന ഉത്തരവ് നടപ്പാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വീണ്ടും ട്രായിയെ സമീപിച്ചു. നവംബറില്‍ ട്രായ് പുതിയ നിരക്ക് ഉത്തരവ് 2.0 ഭേദഗതി ചെയ്തു. ഇതോടെ ഒരു ടിവി ചാനലിന്‍റെ വില 12 രൂപയില്‍ നിന്ന് 19 രൂപയായി ഉയര്‍ന്നു. കേബിള്‍ ടെലിവിഷന്‍ വ്യവസായം പ്രതിമാസം 2.5 ശതമാനം വരിക്കാരുടെ കുറവ് നേരിടുന്നുണ്ടെന്നും പുതിയ നിരക്ക് നടപ്പാക്കുന്നതോടെ ഇത് വര്‍ദ്ധിക്കുമെന്നും ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (എഐഡിസിഎഫ്) നേരത്തെ പറഞ്ഞിരുന്നു.
കൂടാതെ, തുടര്‍ച്ചയായ ബിസിനസ്സ് നഷ്ടം കാരണം കേബിള്‍ ടിവി വ്യവസായത്തില്‍ ഏകദേശം 150,000 പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഉപയോക്താക്കള്‍ക്കായി ചാനലുകളുടെ വില വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും ഇത്രയും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ റെഗുലേറ്റര്‍ അനാവശ്യ തിടുക്കം കാണിക്കുന്നുവെന്ന് ജനുവരി 25ന് ട്രായ്ക്ക് അയച്ച കത്തില്‍ കേബിള്‍ ഫെഡറേഷന്‍ പറഞ്ഞു. സര്‍വേ നടത്താനും അതനുസരിച്ച് ചാനലുകളുടെ വില നിശ്ചയിക്കാനും വിതരണക്കാര്‍ക്ക് വേണ്ടത്ര സമയം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.