IndiaLatest

അണയാത്ത വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് അഴീക്കോടന്‍

“Manju”

അണയാത്ത വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് സഖാവ് അഴീക്കോടന്‍ രാഘവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉശിരനായ പോരാളിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ, പോരാട്ടങ്ങള്‍ക്കുള്ള കരുത്തും ഊര്‍ജ്ജവുമാണ്. ജനകീയ പ്രശ്‌നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകര്‍ന്നു നല്‍കിയ നേതാവായിരുന്നു അഴീക്കോടന്‍. ജനമനസ്സുകളില്‍ അഴീക്കോടന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നും സഖാവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്കുമുന്നില്‍ രക്താഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
ഇന്ന് സഖാവ് അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനം. രാഷ്ട്രീയ എതിരാളികള്‍ സഖാവിന്റെ ജീവനെടുത്തിട്ട് അമ്പതുവര്‍ഷം തികയുന്നു. അണയാത്ത വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് അഴീക്കോടന്‍. തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉശിരനായ പോരാളിയുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ നമ്മുടെ പോരാട്ടങ്ങള്‍ക്കുള്ള കരുത്തും ഊര്‍ജ്ജവുമാണ്.

ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പൊതുപ്രവര്‍ത്തനം ആരംഭിച്ച അഴീക്കോടന്‍ 1940-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗത്വമെടുത്തത്. 1956-ല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി. 1959 മുതല്‍ പാര്‍ട്ടി സംസ്ഥാന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സഖാവ് 1967-ല്‍ ഐക്യമുന്നണി കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ ആശയാടിത്തറയിലൂന്നിക്കൊണ്ട് കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അക്ഷീണം പ്രയത്‌നിച്ച സഖാവ് മുന്നണി രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യപാടവമാണ് പ്രകടിപ്പിച്ചിരുന്നത്. പ്രതിസന്ധി ഘട്ടങ്ങള്‍ മുറിച്ചുകടക്കുന്നതില്‍ അഴീക്കോടന്റെ നേതൃശേഷിയും നിശ്ചയദാര്‍ഢ്യവും പാര്‍ട്ടിക്ക് എന്നും മുതല്‍ക്കൂട്ടായിരുന്നു. അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സംഘടനാ കാര്‍ക്കശ്യവും പ്രസ്ഥാനത്തിന് കരുത്തേകി.

1972 സെപ്തംബര്‍ 23 ന് രക്തസാക്ഷിത്വം വരിക്കുമ്പോള്‍ മുന്നണി കണ്‍വീനറും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 23 ന് രാത്രി പത്തുമണിയോടെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോഴാണ് രാഷ്ട്രീയ എതിരാളികള്‍ സഖാവിനെ കുത്തി കൊലപ്പെടുത്തുന്നത്.
സിപിഐഎമ്മിനെ കേരളത്തില്‍ സുശക്തമാക്കുന്നതിന് വലിയ പങ്കുവഹിച്ച അഴീക്കോടന്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ അവകാശങ്ങള്‍ക്കായി എന്നും നിലകൊണ്ടു. ജനകീയ പ്രശ്‌നങ്ങളിലും സമരങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ട് ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്തും ആവേശവും പകര്‍ന്നു നല്‍കിയ നേതാവായിരുന്നു അദ്ദേഹം. ജനമനസ്സുകളില്‍ അഴീക്കോടന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല. സഖാവിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്കുമുന്നില്‍ രക്താഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

Related Articles

Back to top button